ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്‌ത സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അന്വേഷണ സംഘം. നഗരത്തില്‍ ഭീകരാക്രമണത്തിനായി ഭീകരരെന്ന് സംശയിക്കുന്നവര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുനല്‍കിയത് മുമ്പ് പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാളാണെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. സംഭവത്തില്‍ ആറുദിവസം മുമ്പ് സുഹൈൽ, ഒമർ, സാഹിദ്, മുദസിർ, ഫൈസൽ എന്നീ പ്രതികളെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) ഉദ്യോഗസ്ഥര്‍ അറസ്‌റ്റ് ചെയ്‌തിരുന്നു.
പ്രതിയിലേക്കെത്തുന്നത് ഇങ്ങനെ: അന്വേഷണ സംഘം അറിയിക്കുന്നത് പ്രകാരം നിലവില്‍ പൊലീസ് കസ്‌റ്റഡിയിലുള്ള ഫൈസൽ, മുദസിർ എന്നിവർക്ക് ആയുധങ്ങൾ കൈമാറിയത് ജുനൈദ് എന്ന മറ്റൊരു പ്രതിയാണ്. ഇതുവരെ പിടിയിലാവാത്ത ഇയാള്‍, ഫൈസലിനെയും മുദസിറിനെയും കൂട്ടി നെലമംഗലയ്ക്ക് സമീപമുള്ള ടി ബേഗൂരിലേക്ക് പോയി അവിടെ നിന്നുമാണ് ആയുധങ്ങള്‍ ബാഗില്‍ കൈമാറുന്നത്. ഇത് വ്യക്തമാക്കുന്ന പ്രതികളുടെ ദൃശ്യങ്ങള്‍ ഹെബ്ബാളിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാണ് പിടിയിലാവാനുള്ള ജുനൈദ് മുമ്പ് പോക്‌സോ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നുള്ള വിവരം സംഘം മനസിലാക്കുന്നത്. ഇതിന്‍റെ ഭാഗമായി കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി യശ്വന്ത്പൂർ റെയിൽവേ സ്‌റ്റേഷനും നെലമംഗലയ്ക്ക് സമീപമുള്ള ടി ബേഗൂരും സിസിബി സംഘം പരിശോധന നടത്തിയിരുന്നു. നിലവില്‍ പ്രതികളില്‍ നിന്നും കണ്ടെടുത്ത ആയുധങ്ങളുടെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
അതേസമയം കസ്‌റ്റഡിയിലുള്ള അഞ്ച് പ്രതികളുടെ പോലീസ് കസ്‌റ്റഡി ബുധനാഴ്‌ച അവസാനിക്കും. അതുകൊണ്ടുതന്നെ പ്രതികളെ കോടതിയിൽ ഹാജരാക്കി കൂടുതൽ സമയം നീട്ടി ആവശ്യപ്പെടുമെന്നാണ് സിസിബിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്. ഒപ്പം തന്നെ ഒളിവിൽ കഴിയുന്ന പ്രതികളിലൊരാളായ ജുനൈദിനെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്.
അറസ്‌റ്റ് ഇങ്ങനെ: രാജ്യദ്രോഹ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബെംഗളൂരു സിസിബി (സെൻട്രൽ ക്രൈം ബ്രാഞ്ച്) ഭീകരരെന്ന് സംശയിക്കുന്ന ഈ അഞ്ചുപേരെ അറസ്റ്റ് ചെയ്യുന്നത്. ഇവരിൽ നിന്നും നാല് ഗ്രനേഡുകൾ, നാല് വാക്കി ടോക്കികൾ, ഏഴ് നാടൻ പിസ്റ്റളുകൾ, 42 ബുള്ളറ്റുകൾ, വെടി മരുന്ന്, രണ്ട് കഠാര, രണ്ട് സാറ്റ്‌ലൈറ്റ് ഫോണുകൾ എന്നിവ പിടിച്ചെടുത്തിരുന്നു. പിടിയിലായ പ്രതികൾ ബെംഗളൂരുവിൽ വൻ സ്‌ഫോടനം നടത്താൻ പദ്ധതി ഇട്ടിരുന്നുവെന്ന് സംശയിക്കുന്നതായി ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്.
അതേസമയം ബെംഗളൂരുവിൽ സ്‌ഫോടനം നടത്താനുള്ള ഗൂഢാലോചനയിൽ പത്തിൽ അധികം പേർ ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട്. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിക്കുകയും ഉടൻ തന്നെ അവർ വിവരം ബെംഗളൂരു സിസിബി സംഘത്തിന് കൈമാറുകയുമായിരുന്നു. തുടർന്ന് സിസിബി പൊലീസ് ഒരു പ്രതികളുടെ താവളം കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.