ശ്രീനഗര്‍ : അതിർത്തി ജില്ലയായ രജൗരിയിലെ ഡാംഗ്രി ഗ്രാമത്തിൽ ഇന്ന് വൈകുന്നേരമുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. പത്ത് പേർക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇതേതുടര്‍ന്ന് സേനാംഗങ്ങളെയും പൊലീസിനെയും ഗ്രാമത്തില്‍ കൂടുതലായി വിന്യസിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
'രജൗരി ജില്ലയിലെ ഡാംഗ്രി മേഖലയിൽ നടന്ന വെടിവയ്പ്പിൽ 3 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പരിക്കേറ്റവർ ചികിത്സയിലാണ്. പൊലീസും ജില്ല ഭരണകൂട പ്രതിനിധികളും സ്ഥലത്തുണ്ട്. പരിക്കേറ്റവരുടെ ശരീരത്തിൽ നിന്ന് ഒന്നിലധികം വെടിയുണ്ടകൾ കണ്ടെത്തിയിട്ടുണ്ട്' - രജൗരിയിലെ അസോസിയേറ്റഡ് ഹോസ്‌പിറ്റലിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. മെഹ്‌മൂദ് പറഞ്ഞു.
50 മീറ്റര്‍ അകലത്തിലുള്ള മൂന്ന് വീടുകള്‍ക്ക് നേര്‍ക്കാണ് വെടിവയ്‌പ്പ് നടന്നതെന്ന് ജമ്മു എഡിജിപി മുകേഷ് സിങ് പറഞ്ഞു. പ്രദേശത്ത് ഭീകരര്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബർ 16 ന് രജൗരി ജില്ലയിൽ കാവല്‍ സൈനികന്‍ വെടിയുതിർത്തതിനെ തുടര്‍ന്ന് പ്രദേശവാസികളായ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു.
കരസേനയിൽ ചുമട്ടുതൊഴിലാളികളായി ജോലി ചെയ്യുകയായിരുന്ന യുവാക്കള്‍ രാവിലെ 6.15 ഓടെ ജില്ലയിലെ ഒരു സൈനിക ക്യാമ്പിന്‍റെ ആൽഫ ഗേറ്റിന് സമീപത്തേക്ക് വന്നപ്പോഴാണ് വെടിയുതിർത്തത്. ഈ സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഭീകരാക്രമണം.
ഡിസംബർ 28 ന് ജമ്മുവിലെ സിദ്ര മേഖലയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. അസ്വാഭാവിക സാഹചര്യത്തില്‍ കണ്ട ട്രക്കിനെ പിന്തുടര്‍ന്ന സുരക്ഷാസേനയ്ക്ക് നേരെ വാഹനത്തിനുള്ളില്‍ മറഞ്ഞിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.