ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളിൽ 73.05 ശതമാനവും മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി എന്നിവടങ്ങളിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേർക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1,87,62,976 ആയി ഉയർന്നതായി മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.
കർണാടക, കേരളം, ഛത്തീസ്‌ഗഢ്, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ എന്നിവയാണ് പട്ടികയിൽ ഉൾപ്പെടുന്ന മറ്റ് സംസ്ഥാനങ്ങൾ.മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.66,159 പേർക്കാണ് ഇവിടെ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് 19 ലക്ഷത്തിലധികം ടെസ്റ്റുകളാണ് നടത്തിയത്.
സജീവ കേസുകളുടെ എണ്ണം 31,70,228 ആണ്. ഇന്ത്യയുടെ മൊത്തം സജീവ കേസുകളിൽ 78.18 ശതമാനവും മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ്, കേരളം, രാജസ്ഥാൻ, ഗുജറാത്ത്, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, പശ്ചിമ ബംഗാൾ, ബീഹാർ എന്നിവയാണ്. ദേശീയ മരണനിരക്ക് 1.11 ശതമാനമായി ഇടിഞ്ഞു. 3,498 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രോഗമുക്തിനേടിയവരുടെ എണ്ണം 1,53,84,418 ആണ്.
കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മഹാമാരി സമയത്ത് മനശാസ്ത്രപരമായ പിന്തുണ നൽകുന്നതിനുമായി ടോൾഫ്രീ നമ്പറായ (080-4611 0007) വിളിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.