ശ്രീനഗര്‍: നിരോധിത സംഘടനയായ ജമ്മു കശ്‌മീര്‍ ലിബറേഷന്‍ ഫ്രണ്ടിനേയും ഹുറിയത്തിനേയും പ്രവര്‍ത്തനക്ഷമമാക്കാന്‍ നടത്തിയ ഗൂഢാലോചനയില്‍ 10 പേര്‍ അറസ്‌റ്റില്‍. ഇതേതുടര്‍ന്ന് ഐപിസിയിലെ 10,13, 121 (എ) തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് 23/2023 എഫ്‌ഐആര്‍ നമ്പരിലാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ച പ്രകാരമായിരുന്നു പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
വിദേശ രാജ്യങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നുവെന്നും കശ്‌മീര്‍ ഗ്ലോബര്‍ കൗണ്‍സിലിന്‍റെ തലവനായ ഫാറൂഖ് സിദ്ദിഖി, ജെകെഎല്‍എഫ് നേതാവ് രാജ മുസാഫര്‍ തുടങ്ങി വിഘടവാദം പ്രചരിപ്പിക്കുന്ന പല ഗ്രൂപ്പുകളിലെയും അംഗങ്ങളാണ് അറസ്‌റ്റിലായത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. അംഗങ്ങള്‍ ഒരുമിച്ചു കൂടിയതിന് പിന്നില്‍ കശ്‌മീരിലെ നിരോധിത സംഘടനകളുടെ പുനരുദ്ധാരണമാണെന്ന് വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു. ജൂണ്‍ 13ന് സമാനമായ ഒരു യോഗം നടന്നതായും കൂടുതല്‍ ആളുകള്‍ അതില്‍ പങ്കെടുത്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
പൊലീസ് പ്രസ്ഥാവനയില്‍ വ്യക്തമാക്കുന്നത്: ശ്രീനഗറിലെ ഒരു ഹോട്ടലില്‍ വച്ച് ജെകെഎല്‍എഫിന്‍റെ ചില നേതാക്കളും വിഘടനവാദികളും തമ്മില്‍ കൂടിക്കാഴ്‌ച നടത്തിയെന്ന തരത്തില്‍ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ഇത് സ്ഥിരീകരിക്കുന്നതിനായി ഇവരെ കൊത്തിബാഗ്‌ഹ് പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്‌തു. ജെകെഎല്‍എഫ്, ഹുറിയത്ത് തുടങ്ങിയ സംഘടനകളുടെ പുനരുദ്ധാരണത്തിനായി ഇവര്‍ ഗൂഢാലോചന നടത്തിയെന്നതാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നതെന്ന് ശ്രീനഗര്‍ പൊലീസ് പ്രസ്ഥാവനയില്‍ വ്യക്തമാക്കി.
മുഹമ്മദ് യാസിന്‍, മുഹമ്മദ് റഫീഖ് പഹ്‌ലൂ, ഷംസ് യുദിന്‍ റഹ്‌മാനി, ജഹാങ്കീര്‍ അഹമ്മദ് ഭട്ട്, കുര്‍ഷിദ് അഹ് ഭട്ട്, ഷബീര്‍ അഹ് ദാര്‍, സജാദ് ഹുസൈന്‍, ഫിര്‍ദോസ് അഹ് ഷാ, പരെയാ ഹസന്‍, സൊഹൈല്‍ അഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
പാകിസ്ഥാനെ വിമര്‍ശിച്ച് പ്രധാന മന്ത്രി: അതേസമയം, ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ യുഎസ് കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പാകിസ്ഥാനെ പ്രധാന മന്ത്രി നരേന്ദ്ര മോദി പരോക്ഷമായി വിമര്‍ശിച്ചിരുന്നു. ഭീകരവാദം മനുഷ്യരാശിയുടെ ശത്രുവാണെന്നും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. 9/11 ന് ശേഷം രണ്ട് പതിറ്റാണ്ടിലേറെയും മുംബൈയിലെ 26/11 ന് ശേഷം ഒരു ദശാബ്‌ദത്തിലേറെ ആയിട്ടും തീവ്രവാദവും ഭീകരവാദവും ഇപ്പോഴും ലോകമെമ്പാടും ഗുരുതരമായ അപകടമായി തുടരുന്നുവെന്ന് യുഎസ് കോൺഗ്രസിന്‍റെ സംയുക്ത യോഗത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു.
ഈ പ്രത്യയശാസ്ത്രങ്ങൾ പുതിയ ഐഡന്‍റിറ്റികളും രൂപങ്ങളും സ്വീകരിക്കുന്നു. പക്ഷേ അവയ്‌ക്ക് പിന്നിലുള്ള ഉദ്ദേശം ഒന്നുതന്നെയാണ്. തീവ്രവാദം മനുഷ്യരാശിയുടെ ശത്രുവാണ്. അതിനെ കൈകാര്യം ചെയ്യുന്നതിൽ തെറ്റില്ല. ഭീകരതയെ സ്പോൺസർ ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന എല്ലാ ശക്തികളെയും മറികടക്കണമെന്നും മോദി കൂട്ടിച്ചേർത്തു.