ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ തെലങ്കാനയില്‍ പൊലീസ് വാഹന പരിശോധന കര്‍ശനമാക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനു ശേഷമുള്ള ദിനങ്ങളില്‍ ഇതേവരെ 58.96 കോടി രൂപ പണമായിത്തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിടികൂടിക്കഴിഞ്ഞു. അനധികൃതമായി സൂക്ഷിച്ച മദ്യം, കഞ്ചാവ്, സ്വര്‍ണ്ണം ലാപ്ടോപ്പുകള്‍, വാഹനങ്ങള്‍, കുക്കറുകള്‍, വിതരണത്തിന് സൂക്ഷിച്ച സാരികള്‍, എന്നിവയും പിടിച്ചെടുത്തു. ഇവയെല്ലാം ചേര്‍ത്തുള്ള മൂല്യം ഏതാണ്ട് 109.11 കോടി രൂപയോളം വരും.
ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയുമായാണ് (16.10.23, 17.10.23) വലിയ തോതില്‍ പണവും സ്വര്‍ണ്ണവും പിടികൂടിയത്. 16 കിലോഗ്രാം സ്വര്‍ണ്ണവും 23 കിലോ വെള്ളിയുമായി പോവുകയായിരുന്ന മൂന്ന് പേരെ മിയാപ്പൂരില്‍ തിങ്കളാഴ്ച പൊലീസ് പിടികൂടിയിരുന്നു. ആഭരണങ്ങള്‍ക്ക് മതിയായ രേഖകള്‍ ഉണ്ടായിരുന്നില്ല. മിയാപൂരില്‍ തന്നെ മറ്റൊരാളില്‍ നിന്ന് 14 ലക്ഷം രൂപയും പിടിച്ചെടുത്തു.
സെക്കന്ദരാബാദിലെ കവഡിഗുഡ എന്‍ ടി പി സി ബില്‍ഡിങ്ങില്‍ നിന്ന് ഞായറാഴ്ച രാത്രി 2.09 കോടി രൂപ പിടിച്ചെടുത്തു. കാറിലും ബൈക്കിലുമായി ആറു പേരാണ് ഈ തുക എത്തിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് ഈ തുക ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ഹവാല ഇടപാടുകാരന്‍ ഹിതേഷ് പട്ടേലിന്‍റേതാണെന്ന് വ്യക്തമായി.
ഞായറാഴ്ച നല്‍ഗൊണ്ടയില്‍ നിന്ന് പിടിച്ചെടുത്ത 3.04 കോടി രൂപയും ഇതേ ഹവാല ഇടപാടുകാരന്‍റേതാണെന്ന് പൊലീസ് കണ്ടെത്തി. 2019ലും ഹവാല പണം കടത്തുന്നതിനിടയില്‍ ഇവരെ പൊലീസ് ടാസ്ക് ഫോഴ്സ് പിടികൂടിയിരുന്നു. അതിനിടെ ഞായറാഴ്ച അര്‍ദ്ധ രാത്രിയില്‍ മഞ്ചിര്യാല ജില്ലയിലെ ബിജെപി ഓഫീസിലും പൊലീസ് മിന്നല്‍ റെയ്ഡ് നടത്തി. ബിജെപി ജില്ല പ്രസിഡന്‍റ് വെരബെല്ലി രഘുനാഥ് ഒരു ട്രസ്റ്റിന്‍റെ പേരില്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന 702 സാരികള്‍ പൊലീസ് പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ വിതരണം ചെയ്യാതെ സാരികള്‍ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് ജില്ല പ്രസിഡന്‍റ് പറഞ്ഞു.
തെലങ്കാന ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് കര്‍ഷക വായ്പകള്‍ എഴുതിത്തള്ളാന്‍ കൊണ്ടു പോയ 99 ലക്ഷം രൂപയും മതിയായ രേഖകളില്ലെന്ന കാരണത്താല്‍ പൊലീസ് പിടിച്ചെടുത്തു. ബാങ്ക് അധികൃതര്‍ ബാങ്കിങ്ങ് രേഖകള്‍ കാണിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ആപ്പില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി പണം പിടിച്ചെടുക്കുകയായിരുന്നു. കരിംനഗര്‍ നഗരത്തില്‍ വാഹന പരിശോധനക്കിടെ തിങ്കളാഴ്ച 2.36 കോടി രൂപയും പിടിച്ചെടുത്തു.
നവംബർ 30 നാണ് തെലങ്കാനയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിന് ഫലമറിയാം.
ഭാരത രാഷ്ട്ര സമിതി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഭാരതീയ ജനത പാർട്ടി , ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം), തെലുങ്ക് ദേശം പാർട്ടി എന്നി പാർട്ടികളാണ് തെലങ്കാനയില്‍ അധികാരം പിടിക്കാൻ മത്സര രംഗത്തുള്ളത്. 2018ല്‍ 119 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 88 സീറ്റുകൾ നേടിയാണ് തെലങ്കാന രാഷ്ട്ര സമിതി (ഇപ്പോൾ ഭാരത രാഷ്ട്ര സമിതി) അധികാരത്തിലെത്തിയത്. കോൺഗ്രസ് 19 സീറ്റുകൾ നേടിയപ്പോൾ ടിഡിപി രണ്ടും എഐഎംഐഎം ഏഴും ബിജെപി ഒരു സീറ്റുമാണ് നേടിയത്.