ഹൈദരാബാദ്: സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും പ്രായം കണക്കിലെടുക്കാതെ കൊവിഡ് വാക്സിൻ സൗജന്യമായി നല്‍കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ് നൽകാൻ 2,500 കോടിയിലധികം രൂപ ചെലവാകും. ജനങ്ങളുടെ ജീവിതത്തിന് പ്രാധാന്യം നല്‍കുന്നതിനാല്‍ ഈ തുക സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി സോമേഷ് കുമാറിനും മെഡിക്കൽ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി നിർദേശം നൽകി.
കൂടുതല്‍ വായിക്കുക....സൗജന്യ വാക്‌സിൻ : പ്രധാനമന്ത്രിക്ക് കത്തയച്ചെന്ന് പിണറായി വിജയൻ
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ജോലി ചെയ്യാനെത്തിയവര്‍ ഉള്‍പ്പടെ 4 കോടിയോളം പേരാണ് തെലങ്കാനയിലുള്ളത്. ഇവരിൽ 35 ലക്ഷം പേർക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്. ബാക്കിയുള്ളവർക്ക് സൗജന്യമായി വാക്സിനേഷൻ നൽകുമെന്നും റാവു പറഞ്ഞു. കൂടാതെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ വാക്സിൻ നിർമ്മിക്കാൻ മുന്നോട്ട് വന്നിട്ടുണ്ടെന്നും അതിനാൽ ക്ഷാമം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൂടുതല്‍ വായിക്കുക...കൊവിഡ് വാക്‌സിന്‍ ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്രം
നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു. പൂര്‍ണമായും സുഖം പ്രാപിച്ച ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം നിലവില്‍ ഓക്സിജന്‍ ക്ഷാമമോ അവശ്യ മരുന്നുകളുടെ ലഭ്യതക്കുറവോ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു. സമ്മേളനങ്ങൾ നടത്തരുതെന്നും ആവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.