ഹൈദരാബാദ്: ചരിത്രസ്മാരകങ്ങളാൽ സമ്പന്നമായ ഹൈദരാബാദിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുകയാണ് രാമപ്പ ക്ഷേത്രം. ഗൊൽക്കൊണ്ട കോട്ട, ചാർമിനാർ, ഖുതുബ് ഷാഹി ശവകുടീരങ്ങൾ, ആയിരം തൂണുകളുടെ ക്ഷേത്രം, വാറങ്കൽ കോട്ട തുടങ്ങിയ ചരിത്ര പ്രസിദ്ധമായ ഇടങ്ങൾ ഹൈദരാബാദിലുണ്ട്. എന്നാല്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലേക്ക് എഴുതിച്ചേർത്ത കടന്ന രാമപ്പ ക്ഷേത്രത്തിന് ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ചില സവിശേഷതകൾ ഉണ്ട്.
ഏകദേശം എട്ട് നൂറ്റാണ്ടിന്‍റെ ചരിത്രമാണ് ഈ ക്ഷേത്രത്തിന് പറയാനുള്ളത്. 12-13 നൂറ്റാണ്ടുകളിൽ കാകതീയ രാജവംശത്തിന് കീഴിലായിരുന്നു ഈ പ്രദേശം. അന്ന് രാജാവായിരുന്ന ഗണപതി ദേവയുടെ സൈന്യാധിപൻ രെച്ചെർല രുദ്ര റെഡ്‌ഡിയാണ് ക്ഷേത്രം നിർമിച്ചത്. 1213 ലാണ് ക്ഷേത്രം നിർമിച്ചതെന്ന് ഇവിടെ നിന്നും ലഭിച്ച രേഖകൾ പറയുന്നു.
കാകതീയ ഭരണകാലത്തെ ശിൽപ്പ സൗന്ദര്യം
ഏകദേശം 40 വർഷം കൊണ്ടാണ് ക്ഷേത്രം പൂർത്തിയായത്. വെളളത്തിൽ പൊങ്ങിക്കിടക്കുന്ന പ്രത്യേകതരം കല്ല് ഉപയോഗിച്ച് ആറടി ഉയരത്തിലുളള നക്ഷത്രാകൃതിയിലെ അടിത്തറയുടെ മുകളിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ഇവിടെ കാണുന്ന നൃത്തത്തിന്‍റെയും മറ്റും നിരവധി കൊത്തുപണികൾ ശ്രദ്ധേയവും ഭംഗിയുളളതുമാണ്. ഗണപതി ദേവയുടെ കാലത്ത് കല, സാംസ്‌കാരികമായി കാകതീയർ വളരെ മുന്നിലായിരുന്നു.
ഇതിന് മികച്ച തെളിവാണ് രാമപ്പ ക്ഷേത്രം. ശിവക്ഷേത്രത്തിന് ആ പേര് വരാൻ കാരണമായത് ക്ഷേത്രം നിർമിച്ച രാമപ്പ എന്ന ശിൽപ്പിയിൽ നിന്നാണ്. കാകതീയ ഭരണകാലത്ത് ഇവിടെ സന്ദർശിച്ച പല വിദേശ സഞ്ചാരികളും ക്ഷേത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് പറഞ്ഞിരിക്കുന്നത്. മാർക്കോ പോളൊ 'കാകതീയ ക്ഷേത്രങ്ങളിലെ തിളങ്ങുന്ന നക്ഷത്രം' എന്നാണ് രാമപ്പ ക്ഷേത്രത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്.
പ്രധാന ക്ഷേത്രത്തിന് ഇരുവശങ്ങളിലുമായി ശിവ പ്രതിഷ്‌ഠയുളള രണ്ട് ശ്രീകോവിലുകളുണ്ട്. ഇതിന് മുന്നിലായി വലിയൊരു നന്ദികേശ ശിൽപവുമുണ്ട്. സ്ഥലത്ത് ഉണ്ടായ പ്രകൃതിക്ഷോഭങ്ങളും യുദ്ധങ്ങളും കൊളളയടികളെയുമെല്ലാം ക്ഷേത്രം തരണം ചെയ്‌തു. കാലപ്പഴക്കത്തിൽ ക്ഷേത്രത്തിലെ പല ചെറിയ ഭാഗങ്ങളും തകർന്നു. ഇതോടെ ആർക്കിയോളജിക്കൽ സർവെ ഒഫ് ഇന്ത്യ ഏറ്റെടുത്ത് ഇവ പുനക്രമീകരിക്കുകയാണ് ചെയ്തത്.
ക്ഷേത്ര നിർമാണത്തിലെ പ്രത്യേകതകൾ
പ്രാചീനകാലത്തെ ഒട്ടേറെ വിസ്മയകരമായ നിർമാണ രീതികൾ ഇതിൽ സമന്വയിപ്പിച്ചിട്ടുണ്ട്. വെള്ളത്തിൽ മുങ്ങാതെ ഒഴുകിക്കിടക്കുന്ന ഇഷ്ടികകളാണ് ക്ഷേത്രനിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. എങ്ങനെയാണ് ഇതു സാധിച്ചതെന്ന് ഇന്നും വാസ്തുവിദ്യാവിദഗ്ധർക്ക് പൂർണമായി അറിയില്ല. ഇഷ്ടികകളിൽ മരപ്പൊടി ഉപയോഗിച്ച് എന്തോ പ്രക്രിയകൾ ചെയ്താകാം ഈ രീതിയിലാക്കിയത്.
ആറടിപ്പൊക്കമുള്ള ഒരു പീഠഘടനയിൽ നിർമിച്ച രീതിയാണ് ക്ഷേത്രത്തിന്. ചുറ്റും കാകതീയ നിർമാണകലയുടെ കൊടിയടയാളങ്ങളായ മിഴിവേറിയ ശിൽപങ്ങളും മറ്റു കലാസൃഷ്ടികളും കാണാം. ക്ഷേത്രത്തിലെ തൂണുകളാണ് വിസ്മയമുണർത്തുന്ന മറ്റു നിർമിതികൾ. ഈ തൂണുകളിലും വൈദഗ്ധ്യത്തോടെ ഒട്ടേറെ ശിൽപങ്ങൾ കൊത്തിയിട്ടുണ്ട്.
ക്ഷേത്രം യുനെസ്‌കോയുടെ പൈതൃക പട്ടികയിലേക്ക് കടന്നതെങ്ങനെ
* ലോക പൈതൃക പട്ടികയിലേക്ക് പരിഗണിക്കാൻ തെലങ്കാനയിൽ നിന്നും മൂന്ന് ചരിത്ര സ്മാരകങ്ങളാണ് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിരുന്നത്. രാമപ്പ ക്ഷേത്രം, ആയിരം തൂണുകളുടെ ക്ഷേത്രം, വാറങ്കൽ കോട്ട എന്നിവയായിരുന്നു ഇവ. കൂടാതെ യുനസ്ക്കോയ്ക്ക് നിർദ്ദേശം നൽകുന്നതിനായി 2010 ൽ അന്നത്തെ സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു.
* 2016 ൽ രാമപ്പ ക്ഷേത്രത്തിന് അംഗീകാരം ആവശ്യപ്പെട്ട് യുനെസ്കോയ്ക്ക് മുന്നിൽ സംസ്ഥാന സർക്കാർ ഒരു നിർദ്ദേശം വെച്ചു. എന്നാൽ ക്ഷേത്രത്തിലെ പ്രത്യേകതകളുടെ വിവരങ്ങൾ ശരിയായി പട്ടികപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി ഈ നിർദ്ദേശം യുനെസ്കോ നിരസിച്ചു. കൂടാതെ ക്ഷേത്രത്തിനെപ്പറ്റി പഠിച്ച് റിപ്പോർട്ട് നൽകാൻ നർത്തകിയും യുനെസ്കോ കൺസൾട്ടന്‍റുമായ ചൂഡാമണി നന്ദഗോപാലിനെ നിയമിച്ചു. ചൂഡാമണി നന്ദഗോപാലിന്‍റെ റിപ്പോർട്ടനുസരിച്ച് 2019 ൽ യുനെസ്കോയിൽ നിന്നുള്ള പ്രതിനിധി വാസു പോഷാനന്ദയുടെ നേതൃത്വത്തിൽ ക്ഷേത്രം സന്ദർശിച്ചു. ക്ഷേത്രത്തിന്‍റെ സംരക്ഷണത്തിനായി വിവിധ നടപടികൾ സ്വീകരിക്കണമെന്ന് സംഘം നിർദ്ദേശിച്ചു.
* എൻഐടി പ്രൊഫസർ പാണ്ഡുരംഗറാവു, ഐഎഎസ് ഉദ്യോഗസ്ഥൻ പാപ്പറാവു, വാസ്തുശില്പിസൂര്യ നാരായണ മൂർത്തി എന്നിവർ രാമപ്പ ക്ഷേത്രത്തിന് അംഗീകാരം നേടുന്നതിനായി കാകതിയ ഹെറിറ്റേജ് ട്രസ്റ്റ് വഴി ഇതിനായി പ്രവർത്തിച്ചു.
* കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രമങ്ങൾക്ക് പുറമേ, അന്താരാഷ്ട്ര ചരിത്ര സ്മാരകങ്ങളുടെയും ലാൻഡ് കൗൺസിലിന്റെയും (ICOMOS) ഉപദേശങ്ങളും നിർദ്ദേശങ്ങളും യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമായി മാറുന്നതിന് രാമപ്പ ക്ഷേത്രത്തെ സഹായിച്ചിട്ടുണ്ട്.
* രാമപ്പയ്ക്ക് സമീപമുള്ള ആർക്കിയോളജിക്കൽ കൺസർവേഷൻ പ്ലാനും (സിഎംപി) ടൂറിസം വികസനവും നടപ്പാക്കാൻ സംസ്ഥാന സാംസ്കാരിക, ടൂറിസം വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. കേന്ദ്ര ആർക്കിയോളജിക്കൽ വകുപ്പ്, റവന്യൂ വകുപ്പ്, നഗര ആസൂത്രണ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ ഈ കമ്മിറ്റി അംഗങ്ങളായി നിയമിച്ചു.
*രാമപ്പ ക്ഷേത്രത്തിന് ചുറ്റുമുള്ള കുളം, കുന്നുകൾ, വനഭൂമികൾ എന്നിവ സംരക്ഷിക്കുന്നതിനായി സംസ്ഥാന മുനിസിപ്പാലിറ്റി പാലംപേട്ട പ്രത്യേക വികസന അതോറിറ്റി (പിഎസ്ഡിഎ) രൂപീകരിച്ച് അന്നത്തെ മുനിസിപ്പൽ വകുപ്പ് മന്ത്രി കെ ടി രാമറാവു ഉത്തരവ് പുറപ്പെടുവിച്ചു.
*കൂടാതെ ക്ഷേത്രത്തിൽ നിന്ന് വളരെ അകലെയല്ലാത്ത രണ്ട് ചെറിയ ക്ഷേത്രങ്ങളും രാമപ്പ ക്ഷേത്ര പരിസരത്ത് ഉൾപ്പെടുത്തണമെന്ന് ഐസിഒഎംഒഎസ് (ICOMOS) നിർദ്ദേശിച്ചു. ഇതനുസരിച്ച് മുലുഗു ജില്ലാ കലക്ടർ ക്ഷേത്രങ്ങളുള്ള സ്ഥലം രാമപ്പ ക്ഷേത്ര അതോറിറ്റിക്ക് കൈമാറാൻ ഔദ്യോഗിക അറിയിപ്പ് നൽകി.
- ജൂലൈ 24 ന് രാമപ്പ ക്ഷേത്രം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലിടം പിടിച്ചു. ഓൺലൈൻ മീറ്റിങില്‍ 17 രാജ്യങ്ങൾ അനുകൂലിച്ചതോടെയാണ് രാമപ്പ ക്ഷേത്രത്തെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്താന്‍ തീരുമാനമായത്.