ഹൈദരാബാദ്: ജലസേചന വകുപ്പിന്‍റെ പഴയ കെട്ടിട പരിസരത്ത് നിന്ന് ഡിറ്റനേറ്റർ, ജെലാറ്റിൻ സ്റ്റിക്ക്, വലിയ അളവിൽ വയർ എന്നിവയുൾപ്പെടെ വൻ സ്ഫോടകവസ്‌തു ശേഖരം പിടിച്ചെടുത്ത് തെലങ്കാനയിലെ വികരാബാദ് പൊലീസ്.
കെട്ടിടത്തിന്‍റെ സമീപത്തെ ഒരു വീട്ടിൽ കഴിഞ്ഞ ഞായറാഴ്‌ച ഒരു സ്ഫോടനം നടക്കുകയും 19 വയസുകാരന് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻതോതിൽ സ്ഫോടകവസ്‌തുക്കൾ പൊലീസ് കണ്ടെത്തിയത്.
പരിക്കേറ്റ യുവാവിനെ ചോദ്യം ചെയ്‌തതിൽ നിന്നും തനിക്ക് ഒരു വർഷം മുമ്പ് ജലസേചന വകുപ്പിന്‍റെ സ്റ്റോർ റൂമിൽ നിന്നാണ് ഡിറ്റണേറ്റർ ലഭിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് യുവാവ് മൊഴി നൽകിയിരുന്നു.
3,000 ഡിറ്റോണേറ്ററുകളും 1,158 ജെലാറ്റിൻ സ്റ്റിക്കുകളും വലിയ അളവിൽ വയറുകളും കെട്ടിടത്തിൽ നിന്ന് കണ്ടെടുത്തതായി വികരാബാദ് പൊലീസ് സൂപ്രണ്ട് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കെട്ടിടത്തിൽ ഇത്രയധികം സ്ഫോടകവസ്‌തുക്കൾ സൂക്ഷിച്ചതിനെക്കുറിച്ച് വിശദീകരണം നൽകാൻ ജലസേചന വകുപ്പിനും നോട്ടീസ് അയച്ചതായി അധികൃതർ അറിയിച്ചു.