ഹൈദരാബാദ്: സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ നാടകീയ സംഭവങ്ങള്‍. സര്‍ക്കാര്‍ ഉത്തരവിനെതിരെ ബിജെപി നടത്തുന്ന 'ജാഗരണ ദീക്ഷ' പരിപാടിക്കിടെ ബിജെപി തെലങ്കാന സംസ്ഥാന പ്രസിഡന്റും ലോക്സഭാ എംപിയുമായ ബന്ധി സഞ്ജയെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് സമരം നടത്തി, പെലീസിനെ ആക്രമിച്ചു തുടങ്ങിയവ ആരോപിച്ചായിരുന്നു സഞ്ജയ് അടക്കമുള്ള നിരവധി ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. കരിംനഗര്‍ എം.പിയായ അദ്ദേഹത്തിന്‍റെ ഓഫിസ് തകര്‍ത്ത് അകത്ത് കയറിയായിരുന്നു അറസ്റ്റ്. അറസ്റ്റിനിടെ പൊലീസും ബിജെപി നേതാക്കളും തമ്മിൽ നിരവധി തവണ സംഘർഷമുണ്ടായി.
ചില നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു. ബന്ധി അടക്കമുള്ള നേതാക്കള്‍ എം.പിയുടെ ഓഫിസ് അകത്ത് നിന്ന് പൂട്ടുകയായിരുന്നു. ഗേറ്റിന്റെ പൂട്ട് തകർത്ത പൊലീസ് അകത്തെത്തി. ഇതോടെ തന്നെ അറസ്റ്റ് ചെയ്താന്‍ തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ബന്ധി ഭീഷണി മുഴക്കി. ഇതോടെ പൊലീസ് അല്‍പ്പ സമയത്തേക്ക് പിന്‍മാറി.
Also Read: ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; പരിഭ്രാന്തരാകേണ്ടെന്ന് കെജ്‌രിവാള്‍
തുടര്‍ന്ന് ഫയര്‍ ഫോഴ്സിനെ വിളിച്ച് വരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് ഓഫിസിലേക്ക് വെള്ളം പമ്പ് ചെയ്തു. തുടര്‍ന്ന് ഓഫിസിന്‍റെ ചില്ല് പൊളിച്ച് പൊലീസ് അകത്ത് കയറുകയായിരുന്നു. ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നതിനിടെയാണ് സഞ്ജയ്‌ക്ക് പരിക്കേറ്റു.
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ജീവിതം കൊണ്ടാണ് മുഖ്യമന്ത്രി കെസിആർ കളിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തെലങ്കാനയിലെ ജനങ്ങൾക്ക് ഇത്രയധികം പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന തീരുമാനങ്ങളാണ് ക്രമരഹിതമായി കെസിആർ എടുക്കുന്നുത്.
ഞങ്ങൾ വളരെ സമാധാനപരമായാണ് സമരം ചെയ്യുന്നത്. എന്നിട്ടും ഞങ്ങളെ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കെസിആറിന്റെയും കെടിആറിന്റെയും പരിപാടികൾക്ക് കൊവിഡ് നിയമങ്ങൾ ബാധകമല്ലേയെന്നും അദ്ദേഹം ചോദിച്ചു. സഞ്ജയ് സമരവുമായി ബന്ധപ്പെട്ട് ഇതുവരെ 170 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിയും ബിജെപി എംപിമാരും എംഎൽഎമാരും ബന്ദി സഞ്ജയിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ ശക്തമായി അപലപിച്ചു.