ഹെെദരാബാദ്: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വരാനിരിക്കുന്ന ഉത്സവ ദിവസങ്ങളില്‍ പൊതു ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി തെലങ്കാന സര്‍ക്കാര്‍. പൊതു ഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശം കൂടെ കണക്കിലെടുത്താണ് പ്രദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും ചീഫ് സെക്രട്ടറി സോമേഷ് കുമാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഷാബ്-ഇ-ബരാത്ത്, ഹോളി, യുഗാദി (തെലുങ്ക് പുതുവത്സരം), രാമ നവമി, മഹാവീർ ജയന്തി, ദുഃഖ വെള്ളി, റമദാന്‍ തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ഏപ്രില്‍ 30 വരെയാണ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം, ഐപിസി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാവും കേസെടുക്കുക.