ഹൈദരാബാദ്: തെലങ്കാനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 8,126 പുതിയ കൊവിഡ് കേസുകളും 38 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി സംസ്ഥാന സർക്കാർ. പ്രതിദിന കേസുകളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 3.95 ലക്ഷം കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,999 ആയി.
ശനിയാഴ്ച രാത്രി പുറത്തുവന്ന കണക്കനുസരിച്ച് 1259 കേസുകളോടെ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,95,232 ആയി. നിലവിൽ 62,929 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് മരണനിരക്ക് 0.50 ശതമാനമാണ്.
തെലങ്കാനയിൽ നിലവിൽ 293 മൈക്രോ കണ്ടെയ്ൻമെന്‍റ് സോണുകളുണ്ട്. സംസ്ഥാനത്തെ 35.14 ലക്ഷത്തിലധികം ആളുകൾ കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസും 4.91 ലക്ഷത്തിലധികം പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചതായി സർക്കാർ പറഞ്ഞു.