ഹൈദരാബാദ് : പബ്ബുകളിൽ രാത്രി പത്തിന് ശേഷം പാട്ട് വയ്ക്കുന്നതിന് വിലക്കേർപ്പെടുത്തി തെലങ്കാന ഹൈക്കോടതി. തിങ്കളാഴ്‌ചയാണ് (12.9.2022) നിരോധനമേർപ്പെടുത്തിയ ഇടക്കാല ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്. രാത്രി 10 മുതൽ രാവിലെ 6 വരെ പബ്ബുകളിലും ബാറുകളിലും പാട്ട് വയ്ക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്.
തിങ്കളാഴ്‌ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു. സിറ്റി പൊലീസ് ആക്‌ട് അനുസരിച്ച്, അനുവദിച്ച സമയം വരെ മാത്രമേ നഗരത്തിൽ ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കാൻ അനുവാദമുള്ളൂവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എക്‌സൈസ് ചട്ടങ്ങൾ അനുസരിച്ച് താമസസ്ഥലങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപം മദ്യശാലകളും പബ്ബുകളും പ്രവർത്തിപ്പിക്കാൻ അനുമതിയില്ല.
അങ്ങനെയിരിക്കെ റസിഡൻഷ്യൽ സോണുകളിൽ പബ്ബുകൾക്ക് അനുമതി നൽകിയത് എന്ത് അടിസ്ഥാനത്തിലാണെന്നും കോടതി എക്സൈസിനോട് ചോദിച്ചു. അതേസമയം അനുവദിക്കപ്പെട്ട സമയം വരെ മദ്യം നൽകാമെന്നും കോടതി വ്യക്തമാക്കി. നഗരത്തിലെ നിരവധി പബ്ബുകൾ നേരം പുലരും വരെയാണ് പ്രവർത്തിക്കുന്നത്.
അമിതമായി മദ്യപിച്ച ചെറുപ്പക്കാര്‍ വാഹനങ്ങൾ ഓടിക്കുന്നതും റോഡിലിറങ്ങുന്നതും പൊതുജനങ്ങൾക്ക് ഭീഷണിയാണെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ഈ വിഷയത്തിൽ നടപടിയെടുക്കുന്നതിന് ഹൈദരാബാദ്, സൈബരാബാദ്, രചകൊണ്ട കമ്മിഷണർമാർക്ക് ഹൈക്കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.