ന്യൂഡൽഹി: ദിശ പീഡനക്കേസ് പ്രതികൾ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കേസിലെ തെളിവുകൾ തെലങ്കാന സർക്കാർ സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സമിതിക്ക് ശനിയാഴ്ച സമർപ്പിക്കും. ദിശ പീഡനക്കേസിലെ നാല് പ്രതികൾ പൊലീസ് വെടി വയ്പ്പില്‍ കൊല്ലപ്പെട്ട കേസിൽ തെളിവുകൾ സമർപ്പിക്കാൻ തെലങ്കാന സർക്കാരിനോട് ജസ്റ്റിസ് വി.എസ് സിർപുർക്കറുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി നിയോഗിച്ച സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
2019 നവംബറിൽ ഹൈദരാബാദിൽ 26-കാരിയായ വെറ്ററിനറി ഡോക്ടറായ ദിശയെ (പൊലീസ് നൽകിയ പേര്) കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് പൊലീസ് വെടിവയ്പ്പില്‍ കൊലപ്പെട്ടത്. പീഡനക്കേസിൽ തെളിവെടുപ്പിനായി കൊണ്ട് പോയ പ്രതികളെ പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നാണ് ആരോപണം. എന്നാൽ തെളിവെടുപ്പിനായി കൊണ്ട് പോയ വേളയിൽ പ്രതികൾ രക്ഷപ്പെടാനായി ആയുധങ്ങൾ കരസ്ഥമാക്കി ആക്രമിക്കാൻ ശ്രമിച്ചുവെന്നും തുടർന്ന് വെടിവയ്ക്കുകയായിരുന്നു എന്നുമാണ് പൊലീസിന്‍റെ വാദം.
അന്ന് പൊലീസ് നടത്തിയ ഏറ്റുമുട്ടലിനെ ചില പ്രമുഖ രാഷ്ട്രീയക്കാർ ഉൾപ്പെടെ പ്രശംസിച്ചിരുന്നു. സംഭവത്തിൽ പൊതുജന സമ്മർദ്ദം വർദ്ധിച്ചപ്പോൾ പൊലീസ് പ്രതികളെ കൊലപ്പെടുത്തിയെന്ന് സംശയം വന്നതോടെയാണ് പ്രതികളുടെ മരണത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നത്. തുടർന്ന് വിഷയം സുപ്രീം കോടതി ഏറ്റെടുക്കുകയായിരുന്നു.
Also read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 18കാരൻ അറസ്റ്റിൽ