ഹൈദരാബാദ്: കൊവിഡ് കേസുകൾ നിയന്ത്രിക്കാനായി തെലങ്കാനയില്‍ നടപ്പാക്കുന്ന ലോക്ക് ഡൗണ്‍ മെയ് മാസം മുപ്പത് വരെ നീട്ടുകയാണെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു അറിയിച്ചു. ലോക്ക് ഡൗൺ കാലയളവിൽ രാവിലെ ആറ് മുതൽ രാവിലെ 10 വരെ എല്ലാ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കൊവിഡ് കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് മെയ് 12 മുതൽ തെലങ്കാന സർക്കാർ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ലോക്ക് ഡൗൺ മെയ് 22 ന് അവസാനിക്കേണ്ടതായിരുന്നു.
Read More……ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് തെലങ്കാന
മുഖ്യമന്ത്രി മറ്റ് മന്ത്രിമാരുമായി ഫോണിൽ സംസാരിച്ചിരുന്നു. മന്ത്രിസഭാംഗങ്ങളുടെ അഭിപ്രായം സ്വീകരിച്ച ശേഷമാണ് ലോക്ക്ഡൗണ്‍ നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്. 3,982 കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ തെലങ്കാനയിൽ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 5.36 ലക്ഷത്തിലധികമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27 രോഗികളുടെ ജീവൻ കൂടി നഷ്ടമായതോടെ ആകെ മരണസംഖ്യ 3,012 ആയി ഉയർന്നു.
ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ:
- യാത്രക്കാരുടെ വാഹനങ്ങൾ സംസ്ഥാന അതിർത്തിയിൽ നിയന്ത്രിക്കും. എന്നിരുന്നാലും, ചരക്കുകളുടെ ചലനം യാതൊരു നിയന്ത്രണവുമില്ലാതെ അനുവദിക്കും.
- ടിഎസ്‌ആർടിസി ബസുകൾ, ഹൈദരാബാദ് മെട്രോ, ടാക്സികൾ, ഓട്ടോറിക്ഷകൾ എന്നിവയുൾപ്പെടെ എല്ലാ പൊതുഗതാഗത സേവനങ്ങൾക്കും രാവിലെ ആറ് മുതൽ 10 വരെ മാത്രമേ അനുമതിയുള്ളൂ.
- അടിയന്തര മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ആരോഗ്യ പരിപാലന തൊഴിലാളികളുടെയും യാത്രക്കാരുടെയും നീക്കം അനുവദനീയമാണ്.
- സ്വകാര്യ ഓപ്പറേറ്റർമാർ ഉൾപ്പെടെയുള്ള എല്ലാ അന്തർസംസ്ഥാന ബസ്, ഗതാഗത സേവനങ്ങളുടെയും പ്രവർത്തനം നിർത്തിവച്ചിരിക്കും.
- ഹോം ക്വാറന്‍റൈനില്‍ ഇരിക്കുന്നവര്‍ പുറത്തിറങ്ങരുത്. ഇത് ശക്തമായി നിരീക്ഷിക്കും.
- എല്ലാ സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും ലോക്ക്ഡൗൺ കാലയളവിൽ കരാർ, ഔട്ട്‌സോഴ്സിംഗ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ തൊഴിലാളികൾക്കും ജീവനക്കാർക്കും ശമ്പളം മുഴുവൻ നൽകണം.
- വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ 40 പേർക്ക് മാത്രമേ അനുമതിയുള്ളൂ.
- ശവസംസ്കാര ചടങ്ങുകളില്‍ 20 ൽ കൂടുതൽ ആളുകളെ അനുവദിക്കില്ലെന്നും തെലങ്കാന സർക്കാർ വ്യക്തമാക്കി.