ഹൈദരാബാദ്: തെലങ്കാനയിൽ രണ്ട് മണിക്കൂറോളം ഹരിത പടക്കം വിൽക്കാനും പൊട്ടിക്കാനും അനുമതി. സംസ്ഥാനത്ത് ദീപാവലിക്ക് രണ്ട് മണിക്കൂറോളം ഹരിത പടക്കം വിൽക്കാനും പൊട്ടിക്കാനും അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവ് പരിഷ്കരിച്ചു. തെലങ്കാന ഫൈർ വർക്കേഴ്സ് ഡീലേഴ്സ് അസോസിയേഷൻ (ടി.എഫ്.ഡബ്ല്യു.ഡി.എ) സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നടപടി.
ജസ്റ്റിസ് എ.എം ഖാൻ വിൽക്കർ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് തെലങ്കാന സർക്കാരിന് ഇത് സംബന്ധിച്ച നോട്ടീസ് നൽകിയത്. വിധി പരിഷ്കരിച്ചത് എൻ.ജി.ടിയുടെ ഉത്തരവിന് അനുസൃതമായിരിക്കുമെന്നും ഇത് തെലങ്കാനക്കും ബാധകമാണെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ പറയുന്നു.
മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ്, പ്രണവ് ഡൈഷ്, മുഹമ്മദ് ഇബ്രാഹിം, സി.എച്ച് ജയകൃഷ്ണൻ, സോമനാദ്രി ഗൗഡ് കതം എന്നിവർ ചേർന്നാണ് ടി.എഫ്.ഡബ്ല്യു.ഡി.എയ്ക്ക് വേണ്ടി ഹാജരായത്. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ തെലങ്കാന ഹൈക്കോടതി ദീപാവലിക്ക് മുന്നോടിയായി സംസ്ഥാനത്ത് പടക്കം വിൽക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിരുന്നു. മറ്റ് ചില സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിലും നിരോധനം ഉണ്ട്.