ഹൈദരാബാദ്: തെലങ്കാനയിൽ ഒമിക്രോൺ വകഭേദം സൃഷ്‌ടിച്ച കൊവിഡിന്‍റെ മൂന്നാം തരംഗ വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നതായി പബ്ലിക് ഹെൽത്ത് സംസ്ഥാന ഡയറക്ടർ ജി. ശ്രീനിവാസ റാവു അറിയിച്ചു. എന്നിരുന്നാലും കൊവിഡ് പ്രതിരോധ മുൻകരുതലുകളും വാക്‌സിനേഷനും എല്ലാവരും സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
തെലങ്കാനയിലെ 70 ശതമാനം രോഗികളും ഒമിക്രോണിന്‍റെ ബിഎ.2 ഉപവകഭേദം ബാധിച്ചവരാണ്. മൂന്നാം തരംഗത്തിൽ, 2021 ഡിസംബർ 28 മുതലാണ് കൊവിഡ് കേസുകളിൽ വർധനവ് കണ്ടുതുടങ്ങിയത്. ജനുവരി 28ഓടെ വീണ്ടും കേസുകൾ മൂര്‍ധന്യാവസ്ഥയിലെത്തി. എന്നാൽ അതിനുശേഷം രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി തുടങ്ങിയതായും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.
ALSO READ:അഹമ്മദാബാദ് സ്‌ഫോടന പരമ്പര: വിധി രാജ്യത്തിനെതിരെയുള്ളവര്‍ക്ക് താക്കീതെന്ന് കേന്ദ്രമന്ത്രി
ഒമിക്രോൺ മൂലം വിവിധ രാജ്യങ്ങളിൽ ആരംഭിച്ച കൊവിഡിന്‍റെ മൂന്നും നാലും തരംഗങ്ങൾ കുറഞ്ഞുവരികയാണ്. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് പ്രതിദിന കേസുകളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാണ്. പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണ്.
ഇവയിൽ തെലങ്കാനയിൽ നിന്നും ഇന്നലെ 1,300 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിൽ താഴെയാണ്. സംസ്ഥാനത്ത് ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ നിരക്ക് നാല് ശതമാനമാണ്. അവയിൽ തന്നെ രണ്ട് ശതമാനം മാത്രമാണ് തെലങ്കാനയിൽ നിന്നുള്ളവർ. മറ്റ് രണ്ട് ശതമാനം മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തി ഹൈദരാബാദിൽ ചികിത്സയിൽ കഴിയുന്നവരാണെന്നും ശ്രീനിവാസ റാവു പറഞ്ഞു. ഈ കണക്കുകൾ പരിശോധിച്ചതിൽ നിന്നും വ്യക്തമാകുന്നത് ഒമിക്രോൺ സൃഷ്‌ടിച്ച മൂന്നാം തരംഗം സംസ്ഥാനത്ത് അവസാനിച്ചുവെന്നാണെന്നും അദ്ദേഹം അവകാശപ്പെട്ടു.