ഹൈദരാബാദ്: പഞ്ചഗുട്ട സെന്‍ററിൽ നിന്നും നീക്കം ചെയ്‌ത ബി.ആർ അംബേദ്‌കർ പ്രതിമ തിരികെ സ്ഥാപിക്കണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി ഹനുമന്ത റാവു. അല്ലാത്ത പക്ഷം സംസ്ഥാനത്തെ അംബേദ്‌കർ പ്രതിമകളുള്ള എല്ലാ പ്രദേശങ്ങളിലേക്കും പ്രതിഷേധ യാത്ര സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അംബേദ്‌കറുടെ ഭരണഘടന ഇന്ത്യയിൽ നടപ്പാക്കാമെങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തിന്‍റെ പ്രതിമ സ്ഥാപിക്കുന്നതിനെ പൊലീസ് തടയുന്നുവെന്ന് അധികാരികൾ വ്യക്തമാക്കണമെന്ന് ഹനുമന്ത റാവു പറഞ്ഞു. വിഷയത്തിൽ ദേശിയ പട്ടികജാതി കമ്മിഷന് കത്തയച്ചെന്നും കമ്മിഷൻ ഹൈദരാബാദ് സന്ദർശിക്കുമെന്നും ഹനുമന്ത റാവു കൂട്ടിച്ചേർത്തു. തെലങ്കാന സംസ്ഥാനത്തിന്‍റെ രൂപീകരണത്തിന് സഹായകമായത് ബി.ആർ അംബേദ്‌കറുടെ ആശയവും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ മൂന്നും ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2019 ഏപ്രിൽ 19നാണ് മുനിസിപ്പൽ അധികാരികൾ അംബേദ്‌കർ പ്രതിമ നീക്കം ചെയ്‌തത്. അംബേദ്‌കർ ജയന്തി ദിനത്തിൽ ഭീം ആർമി പ്രവർത്തകർ സ്ഥാപിച്ച പ്രതിമയാണ് നീക്കം ചെയ്യപ്പെട്ടത്. അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധിച്ച നേതാക്കൾക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു.
ALSO READ: ഉത്തർപ്രദേശിൽ അംബേദ്‌കർ പ്രതിമ തകർത്ത നിലയിൽ