ഹൈദരാബാദ്: പുതിയ ദേശീയ പാര്‍ട്ടി രൂപീകരിക്കാന്‍ തയാറെടുത്ത് തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് തലവനുമായ കെ. ചന്ദ്രശേഖര്‍ റാവു. ഭാരത് രാഷ്‌ട്രീയ സമിതി എന്ന പേരില്‍ കെസിആറിന്‍റെ പുതിയ പാര്‍ട്ടി വൈകാതെ രജിസ്റ്റര്‍ ചെയ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം അവസാനം കെസിആര്‍ തന്നെ ഡല്‍ഹിയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്.
കാര്‍ എന്ന തെരഞ്ഞെടുപ്പ് ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അപേക്ഷിക്കുമെന്നും ടിആര്‍എസ് വൃത്തങ്ങള്‍ അറിയിച്ചു. ഹൈദരാബാദിലെ പ്രഗതി ഭവനില്‍ ഇന്നലെ(10.06.2022) നടന്ന ടിആര്‍എസ് ഉന്നത നേതാക്കളുടെ യോഗത്തിലാണ് കെസിആര്‍ ദേശീയ പാര്‍ട്ടി എന്ന ആശയം മുന്നോട്ടുവച്ചത്. ഈ മാസം 19ന് നടക്കുന്ന ടിആര്‍എസ് സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയിലായിരിക്കും ഔദ്യോഗിക തീരുമാനം.
ബിജെപിയുടെ അതിക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണെന്ന് പ്രഗതി ഭവനില്‍ നടന്ന യോഗത്തില്‍ കെസിആര്‍ ആരോപിച്ചു. കോണ്‍ഗ്രസിന് ബിജെപിയുടെ ബദലാവാന്‍ സാധിക്കാത്ത അവസ്ഥയാണ്. പുതിയ ഒരു രാഷ്‌ട്രീയ ശക്തിക്കായി ഇന്ത്യയിലെ ജനങ്ങള്‍ കാത്തിരിക്കുകയാണ്. പുതിയ പാര്‍ട്ടി ഈ ഒരു ദൗത്യമാണ് നിര്‍വഹിക്കാന്‍ പോകുന്നത്.
രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് പുതിയ ഒരു ദേശീയ രാഷ്‌ട്രീയ മുന്നണിയുടെ രൂപീകരണത്തിന്‍റെ അവസരമായി മാറ്റേണ്ടതുണ്ട്. ഈ മുന്നണി എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തികൊണ്ട് ബിജെപിയെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ട്.
തെലങ്കാന സര്‍ക്കാറിന്‍റെ പദ്ധതികള്‍ ദേശീയ തലത്തില്‍ തന്നെ വലിയ മതിപ്പുളവാക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന്‍റെ വായ്‌പയെടുക്കുന്നതിലൊക്കെ തടസങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ തെലങ്കാനയുടെ വികസനം തടയുകയാണ്. സമാന പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്നുകൊണ്ട് ബിജെപിക്കെതിരെ പോരാട്ടം നടത്തേണ്ടതുണ്ട്. തെലങ്കാനയുടെ മുഖ്യമന്ത്രിയായി തുടര്‍ന്നുകൊണ്ടായിരിക്കും ദേശീയ രാഷ്‌ട്രീയത്തില്‍ ഇടപെടുകയെന്നും പാര്‍ട്ടി യോഗത്തില്‍ കെസിആര്‍ വ്യക്തമാക്കി.