ഹൈദരാബാദ്: തെലങ്കാനയിലെ ആരോഗ്യമന്ത്രി എട്‌ല രാജേന്ദറിനെതിരെ വീണ്ടും കയ്യേറ്റ വിവാദവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനാൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു. റവന്യൂ വകുപ്പിനും എ.സി.ബി വിജിലൻസ് വകുപ്പിനുമാണ് നിർദേശം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്‌ച മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്‌താവന പുറത്തിറക്കി.
മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിവരം അനുസരിച്ച് മെഡ്‌ചൽ ജില്ലയിലെ റാവൽകോൾ ഗ്രാമത്തിൽ താമസിക്കുന്ന പിറ്റ്‌ല മഹേഷ് മുദിരാജാണ് ആരോഗ്യമന്ത്രി എട്‌ല രാജേന്ദറിനെതിരെ പുതിയ പരാതിയുമായി എത്തിയിരിക്കുന്നത്. എട്‌ല രാജേന്ദറിന്‍റെ മകൻ എട്‌ല നിതിൻ റെഡ്ഡി തന്‍റെ ഭൂമി കയ്യേറിയെന്നും തനിക്ക് നീതി വേണമെന്നുമാണ് മഹേഷ് മുദിരാജിന്‍റെ പരാതി. ഇതിനെ തുടർന്ന് പരാതിയെക്കുറിച്ച് ഉടൻ അന്വേഷിക്കാൻ ചീഫ് സെക്രട്ടറി സോമേഷ് കുമാറിനും സമഗ്രമായ അന്വേഷണം നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ വകുപ്പിനും എസിബി വിജിലൻസ് വകുപ്പിനും മുഖ്യമന്ത്രി നിർദേശം നൽകി.
കയ്യേറ്റ ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി തെലങ്കാന സർക്കാർ മെയ് മൂന്നിന് പഞ്ചായത്ത് രാജിന്‍റെയും ഗ്രാമവികസന കമ്മീഷണർ എം.രഘുനന്ദൻ റാവുവിന്‍റെയും നേതൃത്വത്തിൽ മൂന്നംഗ സമിതി രൂപീകരിച്ചു. മേഡക് ജില്ലയിലെ അച്ചംപേട്ടിലെയും ഹക്കിംപേട്ടിലെയും 20 ഏക്കറോളം ഭൂമി പിടിച്ചെടുത്തതിന് മന്ത്രിക്കെതിരെ ഏതാനും കർഷകർ മുൻപ് പരാതി നൽകിയിരുന്നു. തുടർന്ന് എട്‌ല രാജേന്ദറിനെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുകയും ചെയ്‌തു.
Also Read: തെലങ്കാനയിലെ കൈയേറ്റ വിവാദം; കോഴിക്കച്ചവടമെന്ന് മന്ത്രി; അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി