അഹമ്മദാബാദ് : മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതൽവാദിനെയും ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാറിനെയും കോടതി 7 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അഹമ്മദാബാദിലെ മെട്രോപൊളിറ്റൻ ഗികാന്ത കോടതിയുടേതാണ് നടപടി. അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് കാണിച്ച് 14 ദിവസത്തെ കസ്റ്റഡി പൊലീസ് ആവശ്യപ്പെട്ടെങ്കിലും 7 ദിവസമാണ് കോടതി അനുവദിച്ചത്.
ഒരു വാറന്‍റും ഇല്ലാതെ അന്വേഷണ സംഘം വീട്ടില്‍ അതിക്രമിച്ച് കയറിയെന്നും ഫോൺ തട്ടിയെടുത്ത് തന്നെ പിടിച്ചുതള്ളിയെന്നും പരിക്കേറ്റെന്നും ടീസ്റ്റ സെതൽവാദ് കോടതിയില്‍ പറഞ്ഞു. എഫ്ഐആര്‍ കാണിച്ചത് തന്‍റെ വക്കീല്‍ വന്നതിന് ശേഷമാണ്. വൈകിട്ട് 3 മുതൽ രാവിലെ 10.30 വരെ നിയമവിരുദ്ധമായി തന്നെ തടഞ്ഞുവച്ചെന്നും ടീസ്റ്റ കോടതിയെ അറിയിച്ചു. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും ഒരു മനുഷ്യാവകാശ പ്രവർത്തകയായ തനിക്ക് ജാമ്യം നൽകണമെന്നും കേസിന്‍റെ എല്ലാ നിയമപരമായ അന്വേഷണങ്ങളോടും സഹകരിക്കുമെന്നും അവര്‍ കോടതിയില്‍ പറഞ്ഞു.
Also Read ടീസ്റ്റ സെതൽവാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസ്റ്റുചെയ്‌ത് ഗുജറാത്ത് പൊലീസ്
ഗുജറാത്ത് കലാപം സംബന്ധിച്ച് വ്യാജ വിവരം നൽകിയെന്ന, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണത്തിന് പിന്നാലെയാണ് ടീസ്റ്റ സെതൽവാദിനെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്. മുംബൈയിലെ ജുഹുവിലെ വസതിയിലെത്തിയായിരുന്നു അറസ്റ്റ്. ഗുജറാത്ത് കലാപത്തിനുപിന്നില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഉന്നയിച്ച ഗുജറാത്തിലെ അഡീഷണല്‍ ഡി.ജി.പി.യായിരുന്ന മലയാളി ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ആര്‍.ബി ശ്രീകുമാറിനെയും പൊലീസ് ശനിയാഴ്‌ച അറസ്റ്റുചെയ്‌തിരുന്നു.