സവായ്മധേപൂര്‍ (രാജസ്ഥാന്‍): വരുന്ന രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി കേരള മുൻ ചീഫ് ഇലക്ട്രല്‍ ഓഫിസറും രാജസ്ഥാൻ സ്വദേശിയുമായ ടിക്കാറാം മീണ. ഏത് പാര്‍ട്ടിയില്‍ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഇടിവിഭാരത് കേരള ബ്യൂറോ ചീഫ് ബിജു ഗോപിനാഥിനോട് അദ്ദേഹം പറഞ്ഞു. തന്‍റെ ജന്മനാടായ രാജസ്ഥാനിലെ സവായ്മധേപൂര്‍ ജില്ലയില്‍ പുരാ ജോലന്ദയിലെ വീട്ടില്‍ വച്ച് ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
ഔദ്യോഗിക ജീവിതം അവസാനിച്ചെങ്കിലും സാമൂഹിക ജീവിതം അവസാനിപ്പിക്കരുതെന്ന് തന്‍റെ ജന്മനാട്ടില്‍ നിന്നും ആവശ്യം ഉയരുന്നതായി ടിക്കാറാം മീണ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചാല്‍ ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. പല ഗ്രാമങ്ങളിലും സന്ദര്‍ശിക്കുമ്പോള്‍ ജനങ്ങളില്‍ നിന്ന് വലിയ പിന്തുണയും സ്‌നേഹവുമാണ് ലഭിക്കുന്നത്. ഇതാണ് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തനിക്ക് പ്രേരണയാകുന്നത്. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം കേരള കേഡറില്‍ നിന്ന് ചീഫ് സെക്രട്ടറി റാങ്കിലാണ് അദ്ദേഹം വിരമിച്ചത്.
സിവില്‍ സര്‍വീസില്‍ നിന്ന് വിമരമിച്ച ടിക്കാറാം മീണയ്ക്ക് ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിന് ജന്മനാട്ടില്‍ സ്വീകരണ ചടങ്ങ് നാട്ടുകാര്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ വൻജനാവലിയാണ് പങ്കെടുത്തത്. ഇത് അദ്ദേഹത്തിനുള്ള വലിയ ജനസ്വാധീനത്തെ സൂചിപ്പിക്കുന്നു. ഇതാണ് ടിക്കാറാം മീണയെ രാഷ്ട്രീയ പ്രവേശനത്തിന് പ്രേരിപ്പിച്ചത്. മാത്രമല്ല, ജാതി രാഷ്ട്രീയം വളരെ നിര്‍ണായകമായ രാജസ്ഥാനില്‍ വളരെ സ്വാധീനമുള്ള വിഭാഗമാണ് മീണ വിഭാഗം. പ്രത്യേകിച്ചും സവായ്മധേപൂര്‍ ജില്ലയില്‍ മീണ വിഭാഗത്തിനാണ് ഏറെ മേല്‍ക്കൈ.
രാജസ്ഥാനിലെ ഭരണപക്ഷമായ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും ടിക്കാറാം മീണയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ഏത് പാര്‍ട്ടിയോടൊപ്പം നില്‍ക്കണമെന്ന് അദ്ദേഹം അന്തിമ തീരുമാനം എടുത്തിട്ടില്ല. ഒരു പാര്‍ട്ടിയോടും അദ്ദേഹം 'ഇല്ല' എന്ന് പറഞ്ഞിട്ടുമില്ല. സവായ്മധേപൂര്‍ ജില്ലയില്‍ ഗംഗാപൂര്‍, ബാമന്‍വാസ്, സവായ്മധേപൂര്‍, ഖന്ദാര്‍ എന്നീ നാലു നിയമസഭ മണ്ഡലങ്ങളാണ്. രാജസ്ഥാനില്‍ ആകെ 200 നിയമസഭ മണ്ഡലങ്ങളാണുള്ളത്. അശോക് ഗെഹ്ലോട്ട് ആണ് രാജസ്ഥാന്‍ മുഖ്യമന്ത്രി.
More Read:- ലോക്ക് ഡൗണ്‍ കാലത്തെ ഒരു ദിനം ടീക്കാറാം മീണക്കൊപ്പം ഇടിവി ഭാരത്
1988 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ടിക്കാറാം മീണ 2022 മാര്‍ച്ച് 31നാണ് ചീഫ് സെക്രട്ടറി റാങ്കില്‍ നിന്ന് വിരമിക്കുന്നത്. രാജസ്ഥാനിലെ സവായ്മധേപൂര്‍ ജില്ലയിലെ പുരാ ജോലന്ദ എന്ന ഉള്‍ നാടന്‍ കാര്‍ഷിക ഗ്രാമത്തിലാണ് ജനിച്ചത്. ടിക്കാറാം മീണ കേരളത്തില്‍ ഔദ്യോഗിക പദവിയിലിരിക്കുമ്പോഴും അവധിക്കാലത്ത് സ്വന്തം ഗ്രാമത്തിലെത്തുകയും ഗ്രാമവാസികളുമായി ഹൃദ്യമായി ഇടപഴകുകയും ചെയ്തിരുന്നു.
Also Read:- സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായി സഞ്ജയ് കൗള്‍ ചുമതലയേറ്റു