ന്യൂഡല്‍ഹി: കണ്ടന്‍റ് അഗ്രഗേഷനില്‍ ഇടപെടുന്ന വന്‍കിട ടെക് കമ്പനികള്‍ വരുമാനത്തിന്‍റെ ന്യായമായൊരു വിഹിതം പ്രസാധകര്‍ക്ക് നല്‍കണമെന്ന് കേന്ദ്രം. ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷൻ (ഡിഎൻപിഎ) സംഘടിപ്പിച്ച ഒരു ദിവസം നീണ്ടുനിൽക്കുന്ന കോൺക്ലേവിലാണ് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്‌കാസ്‌റ്റിങ് സെക്രട്ടറി അപൂര്‍വ ചന്ദ്ര ഇക്കാര്യം അറിയിച്ചത്. അഗ്രഗേറ്റുകളും വാര്‍ത്ത പ്രാസാധകരും തമ്മില്‍ വരുമാനം പങ്കിടുന്നത് മാധ്യമ പ്രവര്‍ത്തനത്തിന്‍റെ ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നുവന്നും ചന്ദ്ര പറഞ്ഞു.
വാര്‍ത്ത മേഖലയുടെ വളര്‍ച്ചയ്‌ക്ക് ബിഗ് ടെക് പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള വരുമാനത്തിന്‍റെ ന്യായമായ വിഹിതം ലഭിക്കുന്നത് പ്രധാനമാണെന്ന് ചന്ദ്ര പറഞ്ഞു. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ സഹമന്ത്രി രാജീവ് ചന്ദ്രശേഖറും അഭിപ്രായത്തോട് യോജിച്ചു. സാങ്കേതിക രംഗത്തെ മാറ്റങ്ങൾക്കൊപ്പം നിൽക്കുകയെന്നത് എളുപ്പമല്ലെന്ന് ടെക്‌നോളജി രംഗത്ത് ദ്രുതഗതിയിൽ മാറ്റങ്ങൾ സംഭവിക്കുന്നത് എങ്ങനെയെന്ന് എടുത്തുകാണിച്ച ഐ ആൻഡ് ബി സെക്രട്ടറി പറഞ്ഞു.
മറ്റ് രാജ്യങ്ങളായ ഓസ്‌ട്രേലിയ, കാനഡ, ഫ്രാൻസ്, യൂറോപ്യൻ യൂണിയൻ എന്നിവ എങ്ങനെയാണ് വാര്‍ത്ത കണ്ടന്‍റ് ക്രിയേറ്റേഴ്‌സിനും അഗ്രഗേറ്റ്‌ഴ്‌സിനും ഇടയില്‍ വരുമാനത്തിന്‍റെ ന്യായമായ വിഭജനം ഉറപ്പാക്കുന്നതെന്ന് ചന്ദ്ര വിശദീകരിച്ചു.