ജമ്മുകശ്‌മീർ : സര്‍ക്കാര്‍ സ്‌കൂളിലെ ക്ലാസ് മുറിയിൽ മത വാചകം എഴുതിയതിന് 10ാം ക്ലാസ് വിദ്യാർഥിയെ മർദിച്ച അധ്യാപകന്‍ പൊലീസ് പിടിയില്‍. ജമ്മു കശ്‌മീരിലെ കത്വ ജില്ലയിലാണ് സംഭവം. അധ്യാപകനെ കൂടാതെ സ്‌കൂൾ പ്രിൻസിപ്പാളിനും പങ്കുള്ളതിനാൽ ഇദ്ദേഹത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് സ്‌കൂൾ പ്രിൻസിപ്പാൾ ഒളിവിലാണ്.
മർദനത്തിനിരയായ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർഥിയുടെയും മാതാപിതാക്കളുടെയും പ്രതിഷേധത്തെ തുടർന്ന് കത്വ ഡെപ്യൂട്ടി കമ്മിഷണർ രാകേഷ് മിനവ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ നിയോഗിച്ചു. ഓഗസ്റ്റ് 25ന് വിദ്യാർഥിയുടെ പിതാവ് കുൽദീപ് സിങ് തന്‍റെ മകനെ അധ്യാപകനായ ഫറൂഖ് അഹമ്മദും പ്രിൻസിപ്പാളായ മൊഹദ് ഹഫീസും ചേർന്ന് മർദിച്ചതായി പരാതി നൽകുകയായിരുന്നു.
പൊലീസ്, അധ്യാപകർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തു. ലോക്കൽ എസ്‌എച്ച്‌ഒ സ്‌കൂൾ സന്ദർശിക്കുകയും പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്‌തു. സ്‌കൂൾ പ്രിൻസിപ്പാൾ ഒളിവിലായതിനാൽ തിരച്ചിൽ തുടരുകയാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഡെപ്യൂട്ടി കമ്മിഷണർ രൂപീകരിച്ച സമിതിയിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ബാനി, ഡെപ്യൂട്ടി ചീഫ് എജ്യുക്കേഷന്‍ ഓഫിസർ, ഖരോട്ട ഹയർ സെക്കന്‍ററി സ്‌കൂൾ പ്രിൻസിപ്പാൾ എന്നിവർ അംഗങ്ങളായിരിക്കും. രണ്ടുദിവസത്തിനുള്ളിൽ സമിതി കേസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഡെപ്യൂട്ടി കമ്മിഷണർ രാകേഷ് മിനവയുടെ ഉത്തരവ്. സംഭവത്തിൽ കുറ്റക്കാരായവരെ എത്രയും വേഗം കണ്ടെത്തുമെന്നും കർശനമായ നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. ആശുപത്രിയിലായ കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് അധികൃതർ പുറത്തുവിട്ട വിവരം. സംഭവത്തിൽ കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
Student Beaten By Classmates On Instruction Of Teacher യു.പിയിൽ അധ്യാപികയുടെ നിര്‍ദേശ പ്രകാരം വിദ്യാര്‍ഥികള്‍ സഹപാഠിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തില്‍ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തുവന്നത്. സംഭവം വിവാദമായതിനെ തുടർന്ന് വീഡിയോ രംഗങ്ങൾ പ്രചരിപ്പിക്കരുതെന്ന് ബാലാവകാശ കമ്മിഷൻ നിർദേശിച്ചിരുന്നു. കേരളത്തിൽ നിന്ന് മന്ത്രി വി.ശിവൻകുട്ടി അധ്യാപികക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യു.പി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അതേസമയം അധ്യാപികയ്‌ക്കെതിരെ കുറഞ്ഞ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നതെന്നും ഇത്തരം പ്രവണത രാജ്യത്തിന്‍റെ സംസ്‌കാരത്തിന് അപമാനകരമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. താൻ ഭിന്നശേഷിക്കാരിയാണെന്നും എഴുന്നേറ്റ് നടക്കാൻ ബുദ്ധിമുട്ടുള്ളതിനാലാണ് മറ്റ് കുട്ടികളെ കൊണ്ട് തല്ലിച്ചതെന്നുമായിരുന്നു അധ്യാപികയുടെ വിശദീകരണം. കുട്ടി ഗൃഹ പാഠം കഴിഞ്ഞ രണ്ടുമാസമായി ചെയ്യാതെ വരുന്നതിൽ പ്രകോപിതനായാണ് താൻ അങ്ങനെ ചെയ്‌തതെന്നും അധ്യാപിക പറഞ്ഞു.