അമരാവതി: ജനകോടികളുടെ പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും പ്രതിഫലനമായി തെലുഗുദേശം പാർട്ടി (ടിഡിപി) ദേശീയ ജനറൽ സെക്രട്ടറി നാരാ ലോകേഷ് നയിക്കുന്ന യുവഗലം പദയാത്ര (TDP's Yuvagalam Padayatra). ഭരണകക്ഷിയായ വൈഎസ്ആർസിപിയുടെ പരാജയങ്ങളും അഴിമതിയും തുറന്ന് കാട്ടുന്ന പദയാത്രയ്‌ക്ക് പൊതുജനങ്ങളിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പദയാത്രയുടെ വിജയം വൈഎസ്ആർസി സർക്കാരിനേൽക്കുന്ന കനത്ത പ്രഹരമാണെന്ന് ടിഡിപി നേതൃത്വം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
ആന്ധ്രയിൽ മുഖ്യമന്ത്രി ജഗൻമോഹൻ റെഡിയുടെ നാല് വർഷത്തെ ഭരണ പരാജയവും എംഎൽഎമാരുടെ അഴിമതിയും മൂലം പൊതുയോഗങ്ങളിൽ ഉൾപ്പടെ ഭരണകക്ഷി നേതാക്കൾ കനത്ത വെല്ലുവിളികളാണ് നേരിട്ടത്. നേരത്തെ ടിഡിപി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു സർക്കാരിന്‍റെ ഭരണപരാജയം തുറന്ന് കാട്ടി 'വാസ്‌തുന്ന മീകോശം' എന്ന പേരിൽ പദയാത്ര സംഘടിപ്പിച്ചിരുന്നു. അഗനംപുടിയിലാണ് പദയാത്ര സമാപിച്ചത്.
അതേസമയം ലോകേഷ് നയിക്കുന്ന യുവഗലം പദയാത്രയ്‌ക്ക് ഡിസംബർ 20ന് സമാപനമാകും (TDP's Yuvagalam Padayatra to conclude on Dec 20 ). വിജയനഗരത്തെ ഭോഗാപുരം മണ്ഡലത്തിലെ പൊലിപള്ളിയിലാണ് പദയാത്ര സമാപിക്കുക. വിജയാഘോഷ യോഗവും പദയാത്രയുടെ സമാപനത്തോടനുബന്ധിച്ച് പാർട്ടി സംഘടിപ്പിക്കും.
അതേസമയം ജഗൻമോഹൻ റെഡിയുടെ അഴിമതിക്കും അരാജകത്വത്തിനും ഇരയായവർക്ക് ആശ്വാസമേകാനാണ് യുവഗലം മാർച്ച് സംഘടിപ്പിച്ചതെന്ന് ടിഡിപി നേതൃത്വം വ്യക്തമാക്കുന്നു. ഈ വർഷം ജനുവരി 27 ന് കുപ്പത്ത് നിന്നാണ് യാത്രയ്‌ക്ക് തുടക്കമായത്. സംസ്ഥാനത്തെ 11 ജില്ലകളിലെ 97 നിയമസഭാ മണ്ഡലങ്ങളിലും 232 മണ്ഡലങ്ങൾ/മുനിസിപ്പാലിറ്റികളിലും 2,028 വില്ലേജുകളിലുമായി 226 ദിവസങ്ങൾ നീണ്ടുനിന്ന യാത്രയിൽ 3,132 കിലോമീറ്ററാണ് നാരാ ലോകേഷും സംഘവും പിന്നിട്ടത്.
ടിഡിപി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റ്, നന്ദമുരി താരക രത്‌നയുടെ മരണം എന്നിങ്ങനെ അനിവാര്യ സാഹചര്യങ്ങൾ ഒഴിച്ചുനിർത്തിയാൽ ഒരു ഇടവേളയും ഇല്ലാതെയാണ് പദയാത്ര മുന്നോട്ട് പോയത്. റിപ്പോർട്ടുകൾ പ്രകാരം, യുവഗലം പദയാത്രക്കിടെ പൊതുപ്രശ്‌നങ്ങൾ പഠിക്കുന്നതിനായി 70 പൊതുയോഗങ്ങളിലും 155 മുഖാമുഖങ്ങളിലും 12 പ്രത്യേക പരിപാടികളിലും എട്ട് രചബന്ദ (ഗ്രാമീണർക്ക് അവരുടെ സാമൂഹിക പ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും മറ്റ് തർക്കങ്ങളും ചർച്ച ചെയ്യുന്നതിനുള്ള പരമ്പരാഗത ഒത്തുചേരൽ സ്ഥലം) യോഗങ്ങളിലും നാരാ ലോകേഷ് പങ്കെടുത്തിട്ടുണ്ട്.
പൊതുജനങ്ങളിൽ നിന്ന് രേഖാമൂലമുള്ള 4,353 നിവേദനങ്ങളാണ് പദയാത്രയ്‌ക്കിടെ നാരാ ലോകേഷിന് ലഭിച്ചത്. ഇതിന് പുറമെ ലക്ഷക്കണക്കിന് ആളുകൾ നേരിട്ട് കണ്ടും യുവ നേതാവിനെ തങ്ങളുടെ പ്രശ്‌നങ്ങൾ അറിയിച്ചു. 226 ദിവസം നീണ്ടുനിന്ന പദയാത്രയിൽ 1.5 കോടി ആളുകൾ നാരാ ലോകേഷുമായി ബന്ധപ്പെട്ടതായാണ് വിവരം.
ഭരണകക്ഷിയായ വൈഎസ്ആർസിപി പല തരത്തിൽ യുവഗലം പദയാത്രയുടെ ശബ്‌ദം അടിച്ചമർത്താൻ ശ്രമിച്ചെങ്കിലും ഒടുവിൽ യാത്ര വിജയം കണ്ടിരിക്കുകയാണ്. ഭീമവാരം, ഉങ്ങുതുരു, ഗന്നവാരം, നുസ്വിദ് മണ്ഡലങ്ങളിൽ വൈഎസ്ആർസിപിയുടെ തോക്കുധാരികളായ അണികളും പൊലീസും ചേർന്ന് ടിഡിപി പ്രവർത്തകർക്കെതിരെ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്‌തെന്നും പാർട്ടി ആരോപിച്ചു. ആകെ 40 യുവഗലം വളണ്ടിയർമാരെ ജാമ്യമില്ലാ കേസുകളിൽ ജയിലിലേക്ക് അയച്ചതായും നേതാക്കൾ പറയുന്നു.
അതേസമയം, യുവഗലം പദയാത്രയ്‌ക്കിടെ ടിഡിപി കാലത്തെ പദ്ധതികളുടെ വിജയഗാഥകൾ എടുത്തുപറഞ്ഞ നാരാ ലോകേഷ് വൈഎസ്ആർസിപി സർക്കാരിന്‍റെ പരാജയങ്ങൾ ചൂണ്ടിക്കാട്ടി സെൽഫി ചലഞ്ചും അവതരിപ്പിച്ചു.