ചെന്നൈ: കൊവിഡ് സാഹചര്യത്തിൽ സ്‌കൂളുകളിൽ അഡ്‌മിഷൻ ലഭിക്കുന്നതിന് ട്രാൻഫർ സർട്ടിഫിക്കറ്റ് (ടി.സി) ആവശ്യമില്ലെന്ന് വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ. സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തെ തുടർന്ന് നിരവധി വിദ്യാർഥികളാണ് സ്‌കൂളുകൾ മാറുന്നത്. ഈ സാഹചര്യത്തിൽ സ്വകാര്യ സ്‌കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് തടയാനായി ടി.സി നൽകില്ലെന്ന നിലപാട് എടുത്തതോടെയാണ് പുതിയ തീരുമാനം.
അതേ സമയം സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ അഡ്‌മിഷൻ എടുക്കുന്ന വിദ്യാർഥികളിൽ വലിയ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. സ്‌കൂൾ പ്രവേശനം ലഭിക്കുന്നതിനായി ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ടി.സി നിർബന്ധമല്ലെന്ന തീരുമാനത്തിലെത്തിയത്. അഡ്‌മിഷൻ നേടാനായി ആധാർ കാർഡ് മാത്രം മതിയാകുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
എഡ്യുക്കേഷണൽ മാനേജ്‌മെന്‍റ് ഇൻഫർമേഷൻ സിസ്റ്റത്തിലൂടെ വിദ്യാർഥികള്‍ക്ക് അവരുടെ ആധാർ നമ്പറുകളും പരിശോധിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളിൽ ഫീസ് പൂർണമായും അടച്ചു തീർക്കാതെ കുട്ടികൾക്ക് ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റ് നൽകുന്നതിന് സ്‌കൂൾ മാനേജ്‌മെന്‍റ് അനുവദിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. കൊവിഡിനെ തുടർന്ന് 2020 മാർച്ച് 24 മുതൽ സ്വകാര്യ സ്‌കൂളുകൾ അടക്കം സംസ്ഥാനത്ത് പ്രവർത്തിക്കുന്നില്ല.
READ MORE: മോദിക്ക് സ്റ്റാലിന്‍റെ കത്ത്: തമിഴ്‌നാടിന് ഒരു കോടി ഡോസ് കൊവിഡ് വാക്‌സിൻ അനുവദിക്കണം