ന്യൂഡൽഹി: വ്യക്തികളുടെ 2021-2022 വർഷത്തിലെ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള തീയതി സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ്(സി.ബി.ഡി.ടി) വീണ്ടും നീട്ടി. ഡിസംബർ 30 വരെയാണ് സമയപരിധി നീട്ടിയത്.
കൊവിഡ് മഹാ മാരിയുടെയും നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിൽ നികുതിദായകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ആദായനികുതി റിട്ടേണുകൾ, വിവിധ ഓഡിറ്റ് റിപ്പോർട്ടുകൾ എന്നിവ സമർപ്പിക്കാനുള്ള തീയതി നീട്ടാൻ സി.ബി.ഡി.ടി തീരുമാനിച്ചത്. നേരത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു. ഇതാണ് വീണ്ടും ദീർഘിപ്പിച്ചത്. 2020-21 ലെ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ട തീയതിയും 2022 ജനുവരി 15 വരെ നീട്ടിയിട്ടുണ്ട്.
ഐടി നിയമത്തിലെ സെക്ഷൻ 92 ഇ പ്രകാരം അന്താരാഷ്ട്ര ഇടപാടുകളോ പ്രത്യേക ആഭ്യന്തര ഇടപാടുകളോ നടത്തുന്ന വ്യക്തികൾ റിപ്പോർട്ട് സമർപ്പിക്കേണ്ട അവസാന തീയതി 2022 ജനുവരി 31 ആണ്.
രാജ്യത്തെ പ്രമുഖ ഐടി സ്ഥാപനമായ ഇൻഫോസിസ് നിയന്ത്രിക്കുന്ന ആദായനികുതി പോർട്ടൽ നേരിടുന്ന പ്രശ്‌നങ്ങൾക്കിടയിലാണ് തീയതികൾ നീട്ടാനുള്ള തീരുമാനം.
Also Read: എ.ആർ. നഗർ ബാങ്ക് കള്ളപ്പണ ഇടപാട്: ഇ.ഡി അന്വേഷണം വേണമെന്ന് പറഞ്ഞിട്ടില്ലെന്ന് കെ.ടി ജലീൽ