മുംബൈ : ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് അറബിക്കടലില്‍ മുങ്ങിപ്പോയ ബാര്‍ജിലെ ശേഷിക്കുന്ന 49 ഒഎന്‍ജിസി തൊഴിലാളികളെ കണ്ടെത്താനായില്ല. ഇവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്. പി-305 ബാര്‍ജിലെ 186 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്താനായത്. 37 മൃതദേഹങ്ങളും കണ്ടെടുത്തു. ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ച തിങ്കളാഴ്ച മുംബൈയില്‍നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ മുങ്ങിപ്പോയ ബാര്‍ജില്‍ എണ്ണഖനനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്ന 261 പേരാണ് ഉണ്ടായിരുന്നത്. മൂന്നുദിവസം നീണ്ട കഠിനപ്രയത്‌നത്തിലാണ് നാവികസേനയും തീരരക്ഷാസേനയും ചേര്‍ന്ന് 186 പേരെ രക്ഷപ്പെടുത്തിയത്. ഇവരെയും കണ്ടെടുത്ത മൃതദേഹങ്ങളും കൊണ്ട് നാവികസേനയുടെ ഐ.എന്‍.എസ്. കൊച്ചി എന്ന കപ്പല്‍ ബുധനാഴ്ച മുംബൈ തുറമുഖത്തെത്തി. മറ്റൊരു ബാര്‍ജായ ഗാല്‍ കണ്‍സ്ട്രക്ടറിലെ 137 പേരെ ചൊവ്വാഴ്ച രക്ഷപ്പെടുത്തിയിരുന്നു.
Read More………ടൗട്ടെ; മുംബൈയില്‍ ബാര്‍ജ് തകര്‍ന്ന് 127 പേരെ കാണാതായി; 146 പേരെ രക്ഷപ്പെടുത്തി
മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും ഇവ ബാര്‍ജിലുള്ളവരുടേത് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും നാവികസേന അധികൃതര്‍ അറിയിച്ചു. മുംബൈയ്ക്കടുത്ത് നങ്കൂരമിട്ടുകിടന്ന മൂന്ന് ബാര്‍ജുകളും ഒരു റിഗ്ഗുമാണ് അപകടത്തില്‍പ്പെട്ടത്. നാവികസേനയുടെ കപ്പലുകളായ ഐഎൻഎസ് കൊച്ചി, ഐഎൻഎസ് ബിയാസ്, ഐഎൻഎസ് ബെത്വ, ഐഎൻഎസ് ടെഗ്, പി 8 ഐ സമുദ്ര നിരീക്ഷണ വിമാനം, ചേതക്, എഎൽഎച്ച്, സീക്കിംഗ് ഹെലികോപ്റ്ററുകൾ എന്നിവ എസ്‌എആർ പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്ന് നാവികസേനയുടെ വക്താവ് അറിയിച്ചു. മരണങ്ങള്‍ സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ടായിട്ടും ബാര്‍ജ് പി-305 ഇവിടെ തുടര്‍ന്നത് സംബന്ധിച്ച് മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.