ചെന്നൈ: മധുരൈയിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം മൂലമുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്‌ത്. ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
മൂന്ന് ഡെല്‍റ്റ പ്ലസ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി മാ സുബ്രഹ്മണ്യം അറിയിച്ചു. ഇതില്‍ രണ്ട് പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. മരണപ്പെട്ട മധുരൈ സ്വദേശിയുടെ സാമ്പിളുകള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് അവര്‍ക്ക് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.
Read more: രാജ്യത്ത് 48 പേരില്‍ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി
11 സംസ്ഥാനങ്ങള്‍, 48 കേസുകള്‍
ചെന്നൈയില്‍ നിന്നുള്ള 32 വയസുള്ള ഒരു നഴ്‌സിനും കാഞ്ചീപുരം സ്വദേശിക്കുമാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലായി 45,000 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 48 പേരില്‍ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചിരുന്നു. രാജ്യത്ത് ഇതുവരെ 174 ജില്ലകളില്‍ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
മഹാരാഷ്ട്രയിൽ മാത്രം 20 കേസുകളാണ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ 9 പേരിലും ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ, മധ്യപ്രദേശ്, കേരളം, പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, ജമ്മു, കര്‍ണാടക എന്നിവിടങ്ങളിലാണ് കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്.
മൂന്നാം തരംഗ ഭീഷണി
രാജ്യത്ത് കൊവിഡിന്‍റെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ മുൻകരുതലുകള്‍ തുടർന്നും പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ 75 ജില്ലകളിൽ ഇപ്പോഴും 10 ശതമാനത്തിലധികം കൊവിഡ് കേസുകളുണ്ട്.
ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,01,34,445 ആണ്. 2,91,28,267 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ കൊവിഡ് മരണം 3,93,310 ആയി. നിലവില്‍ 6,12,868 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
Read more: COVID CASES TODAY: രാജ്യത്ത് 48,698 പേര്‍ക്ക് കൂടി കൊവിഡ്