ചെന്നൈ : തമിഴ്‌നാട്ടിൽ ഗർഭിണികൾക്കും നവജാതശിശുക്കൾക്കുമുള്ള പോഷകാഹാരം 1000 ദിവസത്തേയ്‌ക്ക് ഉറപ്പുവരുത്തുന്നതിനായി 'വാൽവിൻ മുതൽ 1000 നന്നാട്‌കൽ' ('ജീവിതത്തിലെ ആദ്യത്തെ 1000 ദിനങ്ങൾ') എന്ന പദ്ധതിയ്‌ക്ക് തുടക്കം കുറിച്ച് സംസ്ഥാന സർക്കാർ. തിമിരി സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വച്ച് കുടുംബക്ഷേമ വകുപ്പ് മന്ത്രി എം എ സുബ്രഹ്മണ്യൻ, കൈത്തറി - ടെക്‌സ്‌റ്റൈൽസ് വകുപ്പ് മന്ത്രി ആർ ഗാന്ധി എന്നിവർ ചേർന്ന് പദ്ധതി ഉദ്‌ഘാടനം ചെയ്‌തു.
നവജാത ശിശുക്കളുടെയും അമ്മമാരുടെയും ആരോഗ്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി പ്രകാരം 1000 ദിവസത്തിനുള്ളിൽ ഏഴ് ഗഡുക്കളായി 5000 രൂപ നൽകും. 270 മുതൽ 280 ദിവസം വരെയുള്ള പ്രസവാവധി, 365 ദിവസം ശൈശവാവസ്ഥ, അടുത്ത 365 ദിവസം കുട്ടിക്കാലം എന്നിങ്ങനെയാണ് ഒരു സ്‌ത്രീയുടെ ഗർഭകാലത്തെ 1000 ദിവസമാക്കി കണക്കാക്കിയിട്ടുള്ളത്. തമിഴ്‌നാട്ടിലെ 14 ജില്ലകളിലെ 118 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 478 സെക്കൻഡറി ഹെൽത്ത് സെന്‍ററുകളിലുമായി കഴിഞ്ഞ രണ്ട് വർഷത്തിനിടെ 74,400 കുട്ടികൾ ജനിച്ചിരുന്നു.
ഈ കുട്ടികൾക്ക് സമീകൃത പോഷകാഹാരം ഉറപ്പാക്കുന്നതിനായി സംസ്ഥാന ആസൂത്രണ സമിതി പ്രത്യേക സാമ്പത്തിക സഹായ പദ്ധതി ആരംഭിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. 38.20 കോടി അമ്മമാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഗർഭം മുതൽ പ്രസവം കഴിഞ്ഞ് ഒരു വർഷം വരെയുള്ള 1000 ദിവസം വരെയുള്ള ഈ കാലയളവിൽ ഏഴ് ഗഡുക്കളായി ഓരോ സ്‌ത്രീയ്‌ക്കും 5000 രൂപ നൽകും.
ഗർഭാവസ്ഥയിലെ അനീമിയ, കുറഞ്ഞ ജനന ഭാരം, ശരിയായ വളർച്ച, കുഞ്ഞിന്‍റെ വാക്‌സിനേഷൻ എന്നിവ മെറ്റേണിറ്റി ആപ്പ് വഴി നിരീക്ഷിക്കുമെന്നും പ്രശ്‌നങ്ങളുള്ളവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതിന് പുറമെ തമിഴ്‌നാട്ടിൽ ഒഴിഞ്ഞുകിടക്കുന്ന 1,021 ഡോക്‌ടർമാരുടെയും 980 ഫാർമസിസ്‌റ്റുകളുടെയും തസ്‌തികകളിലേയ്‌ക്ക് ഉടനെ നിയമനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വാഗ്‌ഗാനങ്ങൾ പാലിച്ച് കർണാടക സർക്കാർ : കര്‍ണാടക തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ പ്രധാന വാഗ്‌ദാനങ്ങളിലൊന്നായ 'അന്നഭാഗ്യ' പദ്ധതിക്കായി ഉയര്‍ന്ന അളവില്‍ അരി സംഭരിക്കുന്നതില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ അധിക അഞ്ച് കിലോയ്‌ക്ക് ബദലായി പണം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഒരു കിലോയ്‌ക്ക് 34 രൂപ എന്ന നിരക്കിലാണ് സര്‍ക്കാര്‍ പണമായി നല്‍കുക. ജൂലൈ ഒന്ന് മുതല്‍ പദ്ധതി പ്രാബല്യത്തിൽ വന്നിരുന്നു.
also read : അരി ലഭ്യമാകുന്നില്ല ; കര്‍ണാടകയില്‍ അധിക 5 കിലോയ്‌ക്ക് പകരം പണം നല്‍കുമെന്ന് സര്‍ക്കാര്‍
ഗൃഹ ജ്യോതി, ഗൃഹ ലക്ഷ്‌മി, അന്ന ഭാഗ്യ, ശക്തി, യുവനിധി തുടങ്ങിയ അഞ്ച് വാഗ്‌ദാനങ്ങളാണ് പ്രധാനമായും കോൺഗ്രസ് മുന്നോട്ട് വച്ചിരുന്നത്. ഇതിൽ വൈദ്യുതിയുമായി ബന്ധപ്പെട്ട ഗൃഹ ജ്യോതി, പൊതുഗതാഗതവുമായി ബന്ധപ്പെട്ട ശക്തി തുടങ്ങിയ പദ്ധതികൾ ഇതിനകം തന്നെ പ്രാബല്യത്തിൽ വന്ന് കഴിഞ്ഞു. സ്‌ത്രീകൾക്ക് ധനസഹായം നൽകുന്ന ഗൃഹ ലക്ഷ്‌മി പദ്ധതിയുടെ പ്രയോജനം അടുത്ത മാസം മുതൽ ലഭ്യമാകും. പഠനം പൂർത്തിയാക്കിയ തൊഴിൽരഹിതർക്കുള്ള യുവനിധി പദ്ധതി ഉടൻ ആരംഭിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.