ചെന്നൈ: എഐഎഡിഎംകെ അധികാരത്തിലിരിക്കെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ മാനനഷ്‌ട കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, എക്കണോമിക് ടൈംസ്, ദിനമലര്‍ തുടങ്ങിയ പത്രങ്ങള്‍ക്കും ആന്ദവികടന്‍, വികടന്‍, ജൂനിയര്‍ വികടന്‍, നക്കീരന്‍ തുടങ്ങിയ മാഗസിനുകള്‍ക്കെതിരെയുളള കേസുകളുമാണ് പിന്‍വലിക്കുന്നത്.
പിന്‍വലിക്കുന്നത് 90 കേസുകള്‍
2012 മുതല്‍ ഫെബ്രുവരി 2021 കാലയളവില്‍ പത്രങ്ങളുടേയും മാഗസിനുകളുടേയും വാര്‍ത്ത ചാനലുകളുടേയും എഡിറ്റര്‍മാര്‍, പ്രിന്‍റര്‍മാര്‍, പബ്ലിഷര്‍മാര്‍ എന്നിവര്‍ക്കെതിരെ ചുമത്തിയ 90 കേസുകളാണ് പിന്‍വലിക്കുക. ദ ഹിന്ദു പത്രത്തിനെതിരെ നാല് കേസുകളും, ടൈംസ് ഓഫ് ഇന്ത്യക്കെതിരെ അഞ്ച് കേസുകളും ഇക്കണോമിക് ടൈംസിനെതിരെ ഒരു കേസും ഇതിലുള്‍പ്പെടും.
തമിഴ് പത്രങ്ങളായ ദിനമലര്‍, മുരസൊലി, ദിനകരന്‍, മാഗസിനുകളായ ആനന്ദ വികടന്‍, ജൂനിയര്‍ വികടന്‍, നക്കീരന്‍ എന്നിവയുടെ പത്രാധിപര്‍ക്കെതിരെയുള്ള കേസുകളും പിന്‍വലിക്കാന്‍ നിര്‍ദേശമുണ്ട്. ദിനമലരിനെതിരെ 12 കേസുകളും മുരസൊലിക്കെതിരെ 17 കേസുകളും ദിനകരനെതിരെ 4 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.
തെരഞ്ഞെടുപ്പ് വാഗ്‌ദാനം പാലിച്ച് ഡിഎംകെ
മാഗസിനുകളായ ആനന്ദ് വികടനെതിരെ 9 കേസുകളും ജൂനിയര്‍ വികടനെതിരെ 11 കേസുകളും നക്കീരനെതിരെ 23 കേസുകളും നിലവിലുണ്ട്. ടിവി7, ന്യൂസ്7, സത്യം ടിവി, ക്യാപ്റ്റന്‍ ടിവി, എന്‍ഡിടിവി, ടൈസ് നൗ എന്നി ചാനലുകളുടെ എഡിറ്റര്‍മാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‌ത 7 കേസുകളും പിന്‍വലിക്കും.
മാധ്യമങ്ങള്‍ക്ക് എതിരെ മുന്‍ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ പിന്‍വലിക്കുമെന്ന് ഡിഎംകെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം നല്‍കിയിരുന്നു. മുന്‍ മുഖ്യമന്ത്രി ജയലളിതയെ വിമര്‍ശിച്ചതിന് 2011-2016 കാലയളവില്‍ 213 മാനനഷ്‌ടക്കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തിരുന്നത്.
Also read: ഹ്രസ്വകാല വായ്പകളുടെ മൊറട്ടോറിയം നീട്ടണമെന്ന് രാഹുൽ ഗാന്ധി