കോയമ്പത്തൂർ : റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ യുക്രൈന്‍ സേനയില്‍ ചേര്‍ന്ന കോയമ്പത്തൂര്‍ സ്വദേശിയായ വിദ്യാര്‍ഥി ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി പിതാവ്. സുബ്രഹ്മണ്യംപാളയം സ്വദേശികളായ രവിചന്ദ്രൻ-ഝാൻസി ലക്ഷ്‌മി ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തവനായ സൈനികേഷ് രവിചന്ദ്രൻ റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ യുക്രൈൻ അർധ സൈനിക വിഭാഗത്തില്‍ ചേർന്ന് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
യുക്രൈനില്‍ റഷ്യൻ അധിനിവേശം ശക്തമാകുന്നതിനിടെ, സൈനികേഷിന് അഭിനിവേശം മതിയായെന്നും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിയ്ക്കുന്നുവെന്നും അച്ഛൻ രവിചന്ദ്രൻ ഇടിവി ഭാരതിനോട് പറഞ്ഞു. 'സൈനികേഷുമായി ഈയിടെ ബന്ധപ്പെട്ടിരുന്നു. ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആഗ്രഹം അവന്‍ പ്രകടിപ്പിച്ചു,' രവിചന്ദ്രൻ പറഞ്ഞു. സൈന്യത്തിൽ സേവനമനുഷ്‌ഠിയ്ക്കണമെന്ന തന്‍റെ ആഗ്രഹം സഫലമായെന്ന് സൈനികേഷ് നേരത്തെ മാതാപിതാക്കളോട് പറഞ്ഞിരുന്നു.
Also read: മറിയപ്പള്ളിയിൽ പാറമടക്കുളത്തില്‍ വീണ ലോറി കരക്കെത്തിച്ചു ; ഡ്രൈവറുടെ മൃതദേഹം ലോറിക്കുള്ളിൽ
യുക്രൈനിലെ ഖാര്‍കീവിലുള്ള ദേശീയ എയ്‌റോസ്‌പേസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ സൈനികേഷ് ഇന്ത്യൻ ആർമിയിൽ ചേരാന്‍ പല തവണ ശ്രമിച്ചിരുന്നെങ്കിലും റിക്രൂട്ട്മെന്‍റില്‍ വിജയിക്കാനായിരുന്നില്ല. റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ വിദേശികള്‍ ഉള്‍പ്പടെയുള്ളവരോട് യുക്രൈന്‍ പ്രസിഡന്‍റ് ആഹ്വാനം ചെയ്‌തിരുന്നു. കേന്ദ്ര-സംസ്ഥാന ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥർ കോയമ്പത്തൂരിലെ സൈനികേഷിന്‍റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചതോടെയാണ് സൈനികേഷ് യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന വിവരം പുറത്തറിയുന്നത്.