ചെന്നൈ: തമിഴ്‌നാട് രാജ്‌ഭവന് നേരെ യുവാവ് പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ ഡിജിപിയ്‌ക്ക് പരാതി നല്‍കി (Tamil Nadu Raj Bhavan Petrol Bomb Attack). സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്നും ഗവര്‍ണര്‍ക്ക് കനത്ത സുരക്ഷ ഉറപ്പാക്കണമെന്നും ഗവര്‍ണറുടെ ഡെപ്യൂട്ടി സെക്രട്ടറിയും കണ്‍ട്രോളറും പരാതിയില്‍ പറഞ്ഞു.
ഇന്നലെയാണ് (ഒക്‌ടോബര്‍ 25) രാജ്‌ഭവന് നേരെ ആക്രമണമുണ്ടായത് (Raj Bhavan Petrol Bomb Attack). പെട്രോള്‍ ബോംബ് എറിഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കറുക്ക എന്ന വിനോദാണ് അറസ്റ്റിലായത്. 2022 ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് വിനോദ്.
ഉച്ചയ്‌ക്ക് 2.45ഓടെ ചെന്നൈ ഗിണ്ടിയിലെ രാജ്‌ഭവന് മുമ്പിലാണ് സംഭവമുണ്ടായത്. രാജ്‌ഭവന് മുന്നില്‍ ബൈക്കിലെത്തിയ കറുക്കയെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ചോദ്യം ചെയ്‌തു. ഇതില്‍ പ്രകോപിതനായ ഇയാള്‍ കൈയിലുണ്ടായിരുന്ന പെട്രോള്‍ ബോംബ് എടുത്ത് രാജ്‌ഭവനിലെ ഗേറ്റിനുളളിലേക്ക് എറിയുകയായിരുന്നു. രാജ്‌ഭവനിലെ ഒന്നാം ഗേറ്റിന് നേരെയാണ് ഇയാള്‍ ബോംബ് എറിഞ്ഞത്.
സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി തീ അണയ്‌ക്കുകയും ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. ഇതിനിടെ യുവാവ് കൈവശമുണ്ടായിരുന്ന മറ്റൊരു ബോംബ് കൂടി ഗേറ്റിന് നേരെ എറിഞ്ഞു. ഇതോടെ ഗേറ്റിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.
വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത്: രാജ്‌ഭവന് നേരെയുണ്ടായ ബോംബ് ആക്രമണത്തിന് പിന്നാലെ സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഡിഎംകെ ഭരിക്കുന്ന സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നിരിക്കുന്നുവെന്നും അതിന് ഉദാഹരണമാണ് രാജ്‌ഭവന് നേരെയുള്ള ആക്രമണമെന്നും പ്രതിപക്ഷം ആരോപിച്ചു. എഐഡിഎംകെ, ബിജെപി എന്നീ പാര്‍ട്ടികളാണ് സംസ്ഥാന സര്‍ക്കാറിന് നേരെ കൂടുതല്‍ വിമര്‍ശനം ഉന്നയിച്ചത്.
വിശദീകരണവുമായി പൊലീസ്: രാജ്‌ഭവന്‍ ഗേറ്റിനുള്ളിലേക്ക് യുവാവ് പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നും സുരക്ഷ വീഴ്‌ച ഉണ്ടായിട്ടില്ലെന്ന് ഗിണ്ടി പൊലീസ് പറഞ്ഞു. അക്രമിയെ ഉടനടി അറസ്റ്റ് ചെയ്യാനായെന്നും നിലവില്‍ ഇയാളെ ചോദ്യം ചെയ്‌ത് വരികയാണെന്നും പൊലീസ് അറിയിച്ചു. ബോംബ് ആക്രമണത്തിന് പിന്നാലെ ഗേറ്റിന് അകത്ത് കയറാന്‍ ശ്രമിച്ച ഇയാളെ വിദഗ്‌ധമായാണ് കൈകാര്യം ചെയ്‌തതെന്നും പൊലീസ് വ്യക്തമാക്കി.