ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ ആരംഭിച്ചു. മെയ് പത്ത് മുതൽ മെയ് 24 വരെയാണ് ലോക്ക് ഡൗൺ. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. അടിയന്താരവശ്യങ്ങൾക്കല്ലാതെ അതിർത്തി കടന്നുള്ള യാത്രകൾക്ക് സംസ്ഥാനത്ത് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതിർത്തി കടന്നു വരുന്ന സ്വകാര്യ വാഹനങ്ങൾ തടയും . ഹോട്ടലുകളിൽ പാഴ്‌സൽ സർവീസുകൾ നടത്താൻ മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. പലചരക്ക് കടകളിൽ എസി പ്രവർത്തിപ്പിക്കുന്നതിനടക്കം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പലചരക്ക് കടകൾ ഉച്ചക്ക് 12 മണിവരെ പ്രവർത്തിക്കാനെ അനുമതിയുള്ളൂ.
തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷന്‍റെ കടകൾ പ്രവർത്തിക്കില്ല. സിനിമാ തിയേറ്റുകൾ ,ജിമ്മുകൾ ,ബാറുകൾ എന്നിവയ്‌ക്ക് നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. നഗരങ്ങളിലെന്ന പോലെ തന്നെ ഗ്രാമീണ മേഖലയിലെ സലൂണുകളും സ്‌പാകളും അടഞ്ഞുകിടക്കും. കൂടാതെ വാരാന്ത്യങ്ങളിൽ മാംസ, മത്സ്യ വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. മറ്റ് ദിവസങ്ങളിൽ ഇവക്ക് വൈകുന്നേരം ആറ് മണി വരെ പ്രവർത്തിക്കാം.
റേഷൻ ഷോപ്പുകൾ രാവിലെ എട്ട് മണിമുതൽ ഉച്ചക്ക് 12 മണിവരെ പ്രവർത്തിക്കും. ചായക്കടകൾക്കും ഉച്ചവരെ പ്രവർത്തിക്കാം. പാൽ, മരുന്ന് പോലുള്ള ആവശ്യ സേവനങ്ങൾക്ക് മുടക്കമുണ്ടാവില്ല. വിവാഹ ചടങ്ങുകളിൽ 20 പേർക്ക് മാത്രം പങ്കെടുക്കാനെ അനുമതിയുണ്ടാവുകയുള്ളു.