ചെന്നൈ: തമിഴ്‌നാട്ടിൽ കനത്ത മഴയെ തുടര്‍ന്ന് മൂന്ന് മരണം. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിലാണ് മരണം സ്ഥിരീകരിച്ചത്. ചെന്നൈ, ചെങ്കൽപട്ട്, തിരുവള്ളൂർ, കാഞ്ചിപുരം എന്നീ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ സ്‌കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
വെള്ളക്കെട്ടിനെ തുടർന്ന് കനത്ത ഗതാഗതക്കുരുക്കാണ് ഇന്നലെ രാത്രി വൈകിയും ചെന്നൈ നഗരത്തിലും പരിസരത്തുമുണ്ടായത്.
വെള്ളപ്പൊക്കം രൂക്ഷമായ സ്ഥലങ്ങൾ വ്യാഴാഴ്‌ച വൈകുന്നേരം മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്‌തു. ചെന്നൈ കോര്‍പറേഷനിലെ കൺട്രോൾ റൂമും അദ്ദേഹം പരിശോധിച്ചു.
'മഴയെതുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കും'
"മഴ തുടരുകയാണ്. നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഗതാഗതം നിലച്ചു." എം.കെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്‌തു. "ട്രിച്ചിയിൽ നിന്ന് മടങ്ങിയ ശേഷം, ജി.സി.സി (ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷനില്‍) ഓഫിസിലെ ബന്ധപ്പെട്ട കൺട്രോൾ റൂം സന്ദർശിച്ച് ഉദ്യോഗസ്ഥർക്ക് മാർഗനിർദേശങ്ങൾ നൽകി. മഴയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ഉടൻ പരിഹരിക്കുമെന്നും മറ്റൊരു ട്വീറ്റില്‍ മുഖ്യമന്ത്രി അറിയിച്ചു.
ALSO READ: ചെന്നൈയിൽ കനത്ത മഴ; വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം
സംസ്ഥാന തലസ്ഥാനത്ത് മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകുന്നതിൽ കാലാവസ്ഥ വകുപ്പ് പരാജയപ്പെട്ടുവെന്ന വിമര്‍ശനം ശക്തമാണ്. ഉച്ചകഴിഞ്ഞ് ചാറ്റൽ മഴ ശക്തമാവുകയായിരുന്നു. തുടര്‍ന്ന്, രാത്രി 10 മണി വരെ ഇടിമിന്നലോടെ മഴ ശക്തമായി. അഞ്ച് മണിക്കൂറോളം പെയ്‌ത മഴ നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാക്കി.