കോയമ്പത്തൂർ: സംസ്ഥാനത്ത് ഹിന്ദി ഭാഷ വിവാദം ചൂട് പിടിക്കുന്നതിനിടെ കേന്ദ്ര സർക്കാരിന്‍റെ പുതിയ വിദ്യാഭ്യാസ നയത്തിന് പിന്തുണയുമായി ഗവർണർ. കേന്ദ്ര സർക്കാർ നീക്കത്തെ വിമർശിച്ച് തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി രംഗത്തെത്തിയതിന് പിന്നാലെയാണ് ഗവർണറുടെ പിന്തുണ. ഭാഷ അടിച്ചേൽപ്പിക്കുകയാണെന്ന് ചിലർ തെറ്റിധാരണ പരത്തുകയാണെന്നും ഗവർണർ ആർഎൻ രവി പറഞ്ഞു.
പ്രാദേശിക ഭാഷകള്‍ക്ക് പ്രോൽസാഹനം നൽകുന്നതാണ് പുതിയ വിദ്യാഭ്യാസ നയം. എന്നാൽ ഭാഷ അടിച്ചേൽപ്പിക്കുകയാണെന്ന് ചിലർ തെറ്റിധാരണ പരത്താൻ ശ്രമിക്കുന്നു. ഇത്തരം പ്രചാരണങ്ങള്‍ സത്യത്തിൽ നിന്ന് ഏറെ അകലെയാണെന്നും ഗവർണർ പറഞ്ഞു.
രാജ്യത്തെ സ്‌കൂളുകളിൽ ഹിന്ദി മൂന്നാം ഭാഷയായി അവതരിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതിയെ മന്ത്രി കെ പൊൻമുടി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. ഹിന്ദി ഭാഷയ്ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനാവുമെന്ന വാദം തെറ്റാണെന്നായിരുന്നു മന്ത്രിയുടെ പരാമർശം. ഹിന്ദി സംസാരിക്കുന്നവര്‍ പാനി പൂരി കച്ചവടം നടത്തുകയാണെന്നും കെ പൊൻമുടി പരിഹസിച്ചിരുന്നു.
സംസ്ഥാനത്ത് ദ്വിഭാഷ ഫോര്‍മുല സര്‍ക്കാര്‍ തുടരുമെന്നും ഹിന്ദി അടിച്ചേല്‍പിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും ഭാരതിയാര്‍ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വ്യക്തമാക്കിയിരുന്നു.