ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ചരിത്രത്തിലാദ്യമായാണ് താര നേതാക്കളായ ജയലളിതയും കരുണാനിധിയുമില്ലാതെ ഒരു തെരഞ്ഞെടുപ്പ് കാലം. സംസ്ഥാനത്ത് 38 ജില്ലകളിലായുള്ള 234 നിയമസഭ മണ്ഡലങ്ങളിൽ രാവിലെ 7 മണിക്ക് പോളിങ് ആരംഭിക്കും.ഏകദേശം 3998 സ്ഥാനാർത്ഥികളാണ് വിധിനിർണയത്തിനായി കാത്തിരിക്കുന്നത്.
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ പോളിങ് ബൂത്തുകൾ 88,937 ആയി ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ എം കരുണനിധിയും ആൾ ഇന്ത്യ അണ്ണ ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ ജെ ജയലളിതയും തമ്മിൽ ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചുകൊണ്ടിരുന്നത്.
ഇത്തവണയും 130 മണ്ഡലങ്ങളിൽ എഐഎഡിഎംകെയും എം.കെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെയും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.
ഇത്തവണ എഐഎഡിഎംകെ ബിജെപിയുമായും പട്ടാളി മക്കൾ കച്ചിയുമായും സഖ്യത്തിലാണ്.പട്ടാളി മക്കൾ കച്ചി 23 സീറ്റുകളിലും ബിജെപി 20 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. എന്നാൽ ഡിഎംകെ കോൺഗ്രസിനായി 25 സീറ്റുകൾ അനുവദിച്ചിട്ടുണ്ട്. 2016 നിയമസഭ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ 134 സീറ്റുകളിലും ഡിഎംകെ 80 സീറ്റുകളിലും കോൺഗ്രസ് 8 സീറ്റുകളിലും വിജയിച്ചിരുന്നു.
ആറ് തവണ ജയലളിതയും നാല് തവണ കരുണനിധിയും തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയായി. എഐഎഡിഎംകെ ഇപ്പോൾ നയിക്കുന്നത് എടപ്പാടി പളനിസ്വാമിയും ഒ പനീർസെൽവവുമാണ് എന്നാൽ കരുണനിധിയുടെ പാർട്ടിയായ ഡിഎംകെ ഇപ്പോൾ നയിക്കുന്നത് സ്റ്റാലിനാണ്.
എടപ്പാടി പളനിസ്വാമിയും സ്റ്റാലിനും തമ്മിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്.
അന്തിമ വോട്ടർ പട്ടിക പ്രകാരം തമിഴ്‌നാട്ടിലെ മൊത്തം വോട്ടർമാർ 6,26,74,446 ആണ് ഇതിൽ 3,08,38,473 പുരുഷന്മാർ 3,18,28,727 സ്ത്രീകളും 7,246 മൂന്നാം ലിംഗഭേദവും ആണ് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്ക്. വോട്ടെണ്ണൽ മെയ് 2നാണ്.