ചെന്നൈ: ബസുകളില്‍ വച്ചുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായി മോട്ടോര്‍ വാഹന നിയമങ്ങളില്‍ ഭേദഗതി വരുത്തി തമിഴ്‌നാട് സര്‍ക്കാര്‍. 1989ലെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 212 ന്‍റെ ഉപവകുപ്പ് (1)ആണ് ഭേദഗതി വരുത്തിയത്. ഭേദഗതി പ്രകാരം, വാഹനത്തിൽ സഞ്ചരിക്കുന്ന ഏതെങ്കിലും പുരുഷ യാത്രക്കാരൻ ഒരു സ്ത്രീ യാത്രക്കാരിയെയോ പെൺകുട്ടിയെയോ ലക്ഷ്യം വച്ച് തുറിച്ചുനോക്കുകയോ, കുലുങ്ങി ചിരിക്കുകയോ, ചൂളമടിക്കുകയോ, കണ്ണിറുക്കുകയോ അല്ലെങ്കിൽ ലൈംഗിക ചുവയുള്ള ആംഗ്യങ്ങൾ കാണിക്കുകയോ, പാട്ടു പാടുകയോ, ഫോട്ടോകളോ വീഡിയോകളോ എടുക്കുകയോ, യാത്രക്കാരിക്ക് ശല്യമോ ഉപദ്രവമോ ഉണ്ടാക്കുന്ന രീതിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്തുകയോ, വാഹനത്തിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ മാന്യതയെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ട് മോശമായി പെരുമാറുകയോ ചെയ്‌താല്‍ വാഹനത്തിലെ കണ്ടക്‌ടർ ആ യാത്രക്കാരനെ വാഹനത്തില്‍ നിന്ന് ഇറക്കി വിടുകയോ അല്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയോ ചെയ്യണം. ബസില്‍ കണ്ടക്‌ടര്‍ ഇല്ലാത്ത അവസരത്തില്‍ ഡ്രൈവവര്‍ക്കാണ് പൂര്‍ണ ഉത്തരവാദിത്തം.
ഭേദഗതി പ്രകാരം കുറ്റകരമാകുന്നത് ഇവയെല്ലാം:
- സഹായിക്കാനെന്ന പേരില്‍ സ്ത്രീ യാത്രക്കാരെയോ പെണ്‍കുട്ടികളെയോ സ്‌പര്‍ശിക്കരുത്. (വാഹനത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സഹായിക്കാനായി ദേഹത്ത് സ്‌പര്‍ശിക്കുന്നതുള്‍പ്പെടെ). അതായത് നല്ല ഉദ്ദേശത്തോടു കൂടി എന്ന വ്യാജേന ഉള്ള സ്‌പര്‍ശനം കുറ്റകരമാണ്.
- ഒരു സ്ത്രീ യാത്രക്കാരിയുടെയോ യാത്ര ചെയ്യുന്ന പെൺകുട്ടിയുടെയോ യാത്രയുടെ ഉദ്ദേശത്തെക്കുറിച്ച് അനുചിതമായ ചോദ്യങ്ങള്‍ ചോദിക്കുകയോ അഭിപ്രായ പ്രകടനം നടത്തുകയോ ചെയ്യരുത്.
- ലൈംഗിക ഉദ്ദേശത്തോടെ ഉള്ള സ്‌പര്‍ശനം പാടില്ല. ലൈംഗിക ചുവയുള്ള പരാമർശങ്ങളോ കമന്‍റുകളോ തമാശകളോ, അഭികാമ്യമല്ലാത്തതും സ്‌പഷ്‌ടവുമായ ലൈംഗികാഭിപ്രായങ്ങളോ പറയരുത്.
- സ്ത്രീ യാത്രക്കാരിക്കോ പെൺകുട്ടിക്കോ അലോസരമുണ്ടാക്കുന്ന രീതിയിൽ പെരുമാറരുത്.
- തനിക്ക് നേരെ മോശം പെരുമാറ്റം ഉണ്ടായതായി സ്‌ത്രീ യാത്രക്കാര്‍ പരാതി പറഞ്ഞാല്‍ മറ്റ് യാത്രക്കാരുടെ സഹായത്തോടെ ശരിയായ അന്വേഷണം നടത്തുകയും അന്വേഷണത്തിന് ശേഷം കുറ്റം ചെയ്‌തതായി തെളിഞ്ഞാല്‍, കുറ്റക്കാരനായ യാത്രക്കാരനെ വാഹനത്തില്‍ നിന്ന് ഇറക്കി വിടണം. കണ്ടക്‌ടര്‍ ഇത്തരം വിഷയങ്ങലില്‍ ജാഗ്രതയോടെ ഇടപെടണം. ഇത് 2013-ലെ ജോലിസ്ഥലത്ത് സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം (തടയലും നിരോധനവും പരിഹാരവും) നിയമത്തിന്‍റെ വകുപ്പ് 2-ലെ 'ലൈംഗിക പീഡനം' എന്ന പദത്തിന് കീഴിൽ വരും.
- വാഹനങ്ങളില്‍ യാത്രക്കാര്‍ക്ക് പരാതി രേഖപ്പെടുത്താനുള്ള ബുക്ക് സൂക്ഷിക്കുക. പ്രസ്‌തുത ബുക്കില്‍ സീരിയല്‍ നമ്പര്‍ രേഖപ്പെടുത്താനടക്കം ഉള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരോ പൊലീസോ ആവശ്യപ്പെടുന്ന പ്രകാരം പരാതി രേഖപ്പെടുത്തിയ ബുക്ക് ഹാജരാക്കുകയും വേണം.
- ഒരു സ്ത്രീയ്‌ക്കെതിരെയോ പെണ്‍കുട്ടിക്ക് എതിരെയോ അപമര്യാദയായി പെരുമാറുകയോ അവരെ ശല്യപ്പെടുത്തുകയോ ചെയ്‌താൽ, വാഹനം സംഭവ സ്ഥലത്തിന് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തിക്കുക. കുറ്റം ചെയ്‌ത യാത്രക്കാരനെതിരെ പരാതി നൽകുകയും വേണം. ഒരു സഹയാത്രികൻ വാഹനത്തിൽ യാത്ര ചെയ്യുന്ന പെൺകുട്ടിയോട് അപമര്യാതയായി പെരുമാറുന്നത് അവളുടെ പാതിവ്രത്യത്തെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്.