ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നാമനിർദേശ പത്രിക സമർപ്പിച്ചു. എടപ്പാടി മണ്ഡലത്തിൽ നിന്ന് ഓൾ ഇൻഡ്യ അണ്ണ ദ്രാവിഡ മുന്നേറ്റ കഴകം(എഐഎഡിഎംകെ) പ്രതിനിധിയായാണ് പളനിസാമി ജനവിധി തേടുന്നത്. ഏഴാം തവണയാണ് പളനിസാമി എടപ്പാടിയിൽ നിന്ന് മത്സരിക്കുന്നത്. നാല് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ) നേതാവ് ടി സമ്പത്ത് കുമാർ എടപ്പാടിയിൽ പളനിസാമിയെ നേരിടും. ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ കൊളത്തൂരിൽ നിന്നും അമ്മ മക്കൾ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി ടിടിവി ദിനകരൻ കോവിൽപ്പട്ടിയിൽ നിന്നുമാണ് മത്സരിക്കുന്നത്.
കമൽ ഹാസന്‍റെ പാർട്ടിയായ മക്കൾ നീതി മയ്യം ഇപ്രാവശ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്.
ബിജെപി എഐഎഡിഎംകെയുടെ സഖ്യകക്ഷിയായും കോൺഗ്രസ് ഡിഎംകെയുടെ സഖ്യകക്ഷിയായുമാണ് തമിഴ്നാട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
234 സീറ്റുകളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 6നും ഫലപ്രഖ്യാപനം മെയ് 2നുമാണ് നടക്കുക.