ഹൈദരാബാദ് : തന്‍റെ വെബ് സീരീസ് 'ജീ കർദ'യുടെ Jee Karda പ്രമോഷന്‍ തിരക്കിലാണിപ്പോള്‍ തെന്നിന്ത്യന്‍ താര സുന്ദരി തമന്ന ഭാട്ടിയ Tamannaah Bhatia. പ്രമോഷൻ പരിപാടിക്കിടെ തമന്ന തന്‍റെ വിവാഹത്തെ കുറിച്ചുള്ള കാഴ്‌ചപ്പാട് വ്യക്തമാക്കി. വളരെ ഉത്തരവാദിത്തം ഉള്ള ഒന്നാണ് കല്യാണമെന്നാണ് തമന്നയുടെ അഭിപ്രായം.
മറ്റുള്ളവർ അത് ചെയ്യുന്നത് കൊണ്ട് മാത്രം വിവാഹം കഴിക്കരുത്. സിനിമയിലെ സ്ത്രീകളുടെ ഷെൽഫ് ലൈഫിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ നല്ല രീതിയിൽ മാറിയിട്ടുണ്ടെന്നും തമന്ന പറഞ്ഞു. 'നിങ്ങൾക്ക് വിവാഹം കഴിക്കാൻ തോന്നുമ്പോള്‍ അത് ചെയ്യുക. കല്യാണം ഒരു വലിയ ഉത്തരവാദിത്തമാണ്. ഇത് ഒരു പാർട്ടിയല്ല. ഒരു ചെടിയേയോ നായയേയോ കുട്ടികളേയോ പരിപാലിക്കുന്നത് പോലെ വളരെയധികം ജോലികള്‍ ഉണ്ട് അതിന്. നിങ്ങള്‍ എപ്പോഴാണോ ഈ പ്രധാനപ്പെട്ട ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാവുന്നത്, അപ്പോള്‍ മാത്രം അത് ചെയ്യുക. അല്ലാതെ സമയമായത് കൊണ്ടോ മറ്റുള്ളവര്‍ ചെയ്യുന്നത് കൊണ്ടോ മാത്രം നിങ്ങളും അത് പിന്‍തുടരാതിരിക്കുക' - തമന്ന പറഞ്ഞു.
33 കാരിയായ താരത്തിന് വിവാഹത്തെ കുറിച്ചും കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിനെ കുറിച്ചും നേരത്തേ ചില ധാരണകള്‍ ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ അങ്ങനെയല്ലെന്നാണ് നടി പറയുന്നത്. 'സിനിമകളിലെ മുൻനിര നായികമാര്‍ക്ക് ഇപ്പോള്‍ മികച്ച വേഷങ്ങൾ ലഭിക്കുന്നുണ്ട്, വർഷങ്ങൾക്ക് മുമ്പ് ഞാൻ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ, ഒരു നടിയുടെ കരിയർ എന്നത് 8-10 വർഷം മാത്രമായിരുന്നു.
അതിനാൽ, മുപ്പത് വയസ്സാകുമ്പോള്‍ ജോലി അവസാനിപ്പിച്ച് വിവാഹം കഴിച്ച് രണ്ട് കുട്ടികള്‍ ആകാമെന്ന് ഞാന്‍ കണക്കുകൂട്ടി. 30ന് ശേഷമുള്ള കാര്യങ്ങള്‍ ഒന്നും ആസൂത്രണം ചെയ്‌തിരുന്നില്ല. എന്നാല്‍ എനിക്ക് 30 തികഞ്ഞപ്പോൾ, ഞാൻ ജനിച്ചതേ ഉള്ളൂവെന്ന പോലെയാണ് തോന്നിയത്. ഒരു പുനര്‍ജന്മം പോലെ' - തമന്ന പറഞ്ഞു.
ലസ്‌റ്റ് സ്‌റ്റോറീസ് 2 ആണ് തമന്നയുടെ റിലീസിനൊരുങ്ങുന്ന പുതിയ പ്രൊജക്‌ട്. കാമുകന്‍ വിജയ് വര്‍മയാണ് ലസ്‌റ്റ് സ്‌റ്റോറീസ് 2വില്‍ തമന്നയ്‌ക്കൊപ്പം എത്തുന്നത്. അമിത് രവീന്ദ്രനാഥ് ശര്‍മ, കൊങ്കണ സെൻശർമ, ആർ ബാൽക്കി, സുജോയ് ഘോഷ് എന്നിവർ ചേര്‍ന്നാണ് ലസ്‌റ്റ് സ്‌റ്റോറീസ് 2 സംവിധാനം ചെയ്‌തിരിക്കുന്നത്. ഈ ആന്തോളജി ചിത്രം ജൂൺ 29 മുതൽ നെറ്റ്ഫ്ലിക്‌സിൽ സ്ട്രീം ചെയ്യും.
നേരത്തെ വിജയ് വര്‍മയും തമന്നയും തമ്മിലുള്ള വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തമന്നയുടെ ജന്മദിനത്തില്‍ വിജയ് വര്‍മ നടിയുടെ വസതിയില്‍ എത്തിയതോടെയാണ് ഇരുവരുടെയും ബന്ധം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.
Also Read: 'വളരെയധികം ചിന്തിപ്പിക്കുന്ന ഒന്ന്'; രജനികാന്ത് നല്‍കിയ സമ്മാനത്തെക്കുറിച്ച് തമന്ന
നേരത്തെ ഗോവയിലെ തമന്നയുടെ ന്യൂ ഇയര്‍ ആഘോഷവും ചുംബന വീഡിയോയും അഭ്യൂഹങ്ങള്‍ക്ക് ആക്കംകൂട്ടിയിരുന്നു. തമന്നയുടെയും വിജയ് വര്‍മയുടെയും പ്രണയ വാര്‍ത്തയ്‌ക്ക് സ്ഥിരീകരണം നല്‍കുന്നതായിരുന്നു ഗോവയിലെ പുതുവത്സര വൈറല്‍ വീഡിയോ. ആളുകള്‍ ന്യൂ ഇയര്‍ പാര്‍ട്ടി നടത്തുന്നതിനിടയില്‍ തമന്നയും വിജയും ചുംബിക്കുന്നത് ക്യാമറയില്‍ പതിഞ്ഞിരുന്നു.