ന്യൂഡല്‍ഹി: ബിജെപി നേതാവ് തജീന്ദർപാല്‍ സിംഗ് ബഗ്ഗയുടെ അറസ്റ്റ് ജൂലൈ 5 വരെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി തടഞ്ഞു. മൊഹാലി കോടതി തനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെ ചോദ്യം ചെയ്‌താണ് ബഗ്ഗ പഞ്ചാബ്-ഹരിയാന കോടതിയെ സമീപിച്ചത്. മാര്‍ച്ച് 30 ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിക്ക് മുന്‍പില്‍ നടന്ന പ്രതിഷേധത്തില്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് ആംആദ്‌മി നേതാവ് സണ്ണി സിംഗ് അലുവാലിയയാണ് ബഗ്ഗയ്‌ക്കെതിരെ പരാതി സമര്‍പ്പിച്ചത്.
മെയ് ഏഴ്, എട്ട് തീയതികളില്‍ കേസില്‍ ജസ്‌റ്റിസ് അനൂപ് ചിത്‌കരയുടെ വസതിയില്‍ പ്രത്യേക വാദം കേട്ടിരുന്നു. മെയ് 10 വരെ ബഗ്ഗയ്‌ക്കെതിരായ ജാമ്യമില്ല വാറണ്ട് നടപ്പാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ പഞ്ചാബ് അഡ്വക്കേറ്റ് ജനറലിന് കോടതി നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടുവിച്ചു. പിന്നാലെയാണ് പുതിയ നടപടി.
ഡല്‍ഹി നിയമസഭയില്‍ അരവിന്ദ് കെജ്‌രിവാള്‍ കശ്‌മീരി പണ്ഡിറ്റുകള്‍ക്കെതിരെയും കശ്‌മീരി ഫയല്‍സ് ചലച്ചിത്രത്തിനെതിരെയും നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധവുമായെത്തിയത്. കേസില്‍ ആംആദ്‌മി നേതാവിന്‍റെ പരാതിയില്‍ കേസെടുത്ത പഞ്ചാബ് പൊലീസ് ബഗ്ഗയെ കസ്‌റ്റഡിയിലെടുത്തിരുന്നു. മണിക്കൂറുകള്‍ നീണ്ട നാടകീയ സംഭങ്ങള്‍ക്കൊടുവിലാണ് ബിജെപി നേതാവിനെ പൊലീസ് വിട്ടയച്ചത്.
Also read: അരവിന്ദ് കെജ്‌രിവാളിനെതിരായ നിലപാടിലുറച്ച് ബിജെപി നേതാവ് തജീന്ദർ പാൽ സിംഗ് ബഗ്ഗ