ഹൈദരാബാദ്: ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിന്‍റെ (യുഎൻഎസ്‌സി) ഒരു യോഗത്തിൽ അധ്യക്ഷത വഹിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഐക്യരാഷ്ട്രസഭയിലെ മുൻ ഇന്ത്യൻ പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ പറഞ്ഞു.75 വർഷങ്ങൾക്കിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുഎൻഎസ്‌സിയുടെ ഒരു പരിപാടിയിൽ അധ്യക്ഷത വഹിക്കുന്നത് ഇതാദ്യമായാണെന്നും മുന്നിൽ നിന്ന് നയിക്കാൻ നേതൃത്വം ആഗ്രഹിക്കുന്നതാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തിന് വിദേശനയങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മീറ്റിങ് വെർച്വൽ രീതിയിലാണെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുന്ന സംഭവം ആദ്യമായതിനാൽ ഇതിന് ചരിത്രപരമായി പ്രാധാന്യമുണ്ടെന്നും ഒരു ഇന്ത്യൻ പ്രധാനമന്ത്രി അവസാനമായി ഈ ശ്രമത്തിന് മുതിർന്നത് 1992ൽ അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹ റാവു യുഎൻഎസ്‌സി യോഗത്തിൽ പങ്കെടുക്കെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്‍റ് പദം ഫ്രാൻസിൽ നിന്നും നേടി ഇന്ത്യ
ഞായറാഴ്ച ആണ് യുഎൻഎസ്‌സിയുടെ ഓഗസ്റ്റ് മാസത്തിലെ പ്രസിഡന്‍റ് സ്ഥാനം ഫ്രാൻസിൽ നിന്ന് ഇന്ത്യ ഏറ്റെടുത്തത്. സമുദ്ര സുരക്ഷ, സമാധാന പരിപാലനം, ഭീകരവിരുദ്ധത എന്നീ വിഷയങ്ങളെ സംബന്ധിച്ച രാജ്യം ആതിഥേയത്വം വഹിക്കും. പ്രധാനമന്ത്രി മോദി, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, വിദേശകാര്യ സെക്രട്ടറി ഹർഷ് ശൃംഗ്ല എന്നിവരും ആഗോള പ്രാധാന്യമുള്ള വിഷയങ്ങളിൽ ഉന്നതതല യോഗങ്ങൾ സംഘടിപ്പിക്കും.
Also Read: പുതിയ ഭാവത്തിൽ അതിവേഗം ഡിജിറ്റൽ പേമെന്‍റ്; ഇ- റുപ്പി സംവിധാനം തിങ്കളാഴ്‌ച മുതല്‍
ജൂലൈ മാസത്തിൽ യുഎൻ സുരക്ഷ സമിതിയെ നയിച്ചതിന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ അംബാസഡർ ടിഎസ് തിരുമൂർത്തി, യുഎന്നിലെ ഫ്രാൻസിന്‍റെ സ്ഥിരം പ്രതിനിധി നിക്കോളാസ് ഡി റിവിയറിനോട് നന്ദി അറിയിച്ചു. സമാധാനപാലകരടെ ഓർമക്കായി ഇന്ത്യ പരിപാടി സംഘടിപ്പിക്കുമെന്നും സിറിയ, ഇറാഖ്, സൊമാലിയ, യെമൻ, മിഡിൽ ഈസ്റ്റ് തുടങ്ങിയ നിരവധി സുപ്രധാന വിഷയങ്ങളും യുഎൻ സുരക്ഷ കൗൺസിലിന്‍റെ അജണ്ടയിൽ ഉണ്ടെന്ന് തിരുമൂർത്തി അറിയിച്ചു.