ന്യൂഡൽഹി: യുപി തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിമുഖം നൽകിയതിൽ പ്രതികരണവുമായി മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർ ഡോ. എസ്.വൈ ഖുറേഷി. പ്രധാനമന്ത്രി പെരുമാറ്റച്ചട്ടം പാലിച്ചില്ലെന്ന വിമർശനം പല ഭാഗത്ത് നിന്നും ഉയർന്നുവെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു.
വിവിധ ഘട്ട തെരഞ്ഞെടുപ്പുകൾ നടക്കുന്ന പശ്ചാത്തലത്തിലും ഇലക്ട്രോണിക് മാധ്യമങ്ങളുടെ ഈ യുഗത്തിലും മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുക എന്നത് അസാധ്യമാണെന്ന് ഖുറേഷി ഇടിവി ഭാരതിനോട് പറഞ്ഞു. നിശബ്‌ദ മേഖലയ്ക്ക് പുറത്ത് ഒരു പ്രസംഗം നടത്തിയാൽ, നിയമപരമായി അത് കുറ്റകരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
48 മണിക്കൂർ നിശബ്‌ദ പ്രചാരണ സമയത്തും ടെലിവിഷനിലൂടെ പ്രചാരണം നടത്താൻ എല്ലാവരേയും അനുവദിക്കുന്നതിന് ആർപിയുടെ (ജനപ്രാതിനിധ്യ നിയമം) സെക്ഷൻ 126ൽ ഭേദഗതി വരുത്തണമെന്ന് ആവ്യപ്പെട്ട ഖുറൈഷി, അച്ചടി മാധ്യമങ്ങളിൽ ഇതിനകം പ്രചാരണം അനുവദനീയമാണെന്നും വ്യക്തമാക്കി.
READ MORE:'പ്രധാനമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചു' ; എഎന്‍ഐ അഭിമുഖത്തിനെതിരെ കോണ്‍ഗ്രസ്
ജനാധിപത്യ മാനദണ്ഡങ്ങൾ സംരക്ഷിക്കുന്നതിന്‍റെയും ഉയർത്തിപ്പിടിക്കുന്നതിന്‍റെയും ഭാഗമായി, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താൻ രൂപീകരിച്ച ഇത്തരം പെരുമാറ്റച്ചട്ടങ്ങൾ ഭരണ-പ്രതിപക്ഷ വിഭാഗത്തിൽപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് പാലിക്കാൻ പ്രയാസകരമാണെന്ന വസ്തുതയാണ് മുൻ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ വിമർശനാത്മക അഭിപ്രായം ചൂണ്ടിക്കാട്ടുന്നത്.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പിന് തലേദിവസമായ ഫെബ്രുവരി ഒമ്പതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐക്ക് അഭിമുഖം നൽകിയത്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു.
2017ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞടുപ്പ് കമ്മിഷന്‍ നോട്ടിസയച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് വാദം.