കാൺപൂർ: പെട്ടികളില്‍ സൂക്ഷിച്ച കറന്‍സി നോട്ടുകള്‍ മുഷിഞ്ഞതിനെ തുടര്‍ന്ന് പഞ്ചാബ് നാഷണൽ ബാങ്കിലെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തു. ഉത്തർപ്രദേശ് കാൺപൂരിലെ പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ പാണ്ഡു നഗർ ബ്രാഞ്ചിലാണ് സംഭവം. ഉദ്യോഗസ്ഥരുടെ വീഴ്‌ചയെ തുടര്‍ന്ന് 42 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകളാണ് ഉപയോഗശൂന്യമായത്.
ബാങ്കിന്‍റെ നിലവറയില്‍ പണം സൂക്ഷിച്ചിരുന്ന പെട്ടികളില്‍ വെള്ളം കയറി കറന്‍സി നോട്ടുകള്‍ നനഞ്ഞതായി കണ്ടെത്തി. മൂന്ന് മാസം മുമ്പ് തന്നെ ഓഡിറ്റിങ്ങിൽ കറൻസി കേടായ കാര്യം അറിഞ്ഞെങ്കിലും ബാങ്ക് മൗനം പാലിക്കുകയായിരുന്നു. ആർബിഐ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ ഉപയോഗ ശൂന്യമായതായി കണ്ടെത്തിയത്.
നാലോ അഞ്ചോ ലക്ഷം രൂപയുടെ കറന്‍സിയാണ് കേടായത് എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ എണ്ണിക്കഴിഞ്ഞപ്പോഴാണ് 42 ലക്ഷം രൂപയോളം മൂല്യമുണ്ടെന്ന് കണ്ടെത്തിയത്. സംഭവത്തിൽ കറൻസി ചെസ്റ്റ് സീനിയർ മാനേജർ ദേവി ശങ്കർ, ചെസ്റ്റ് ഓഫിസർ രാകേഷ് കുമാർ, സീനിയർ മാനേജർ ഭാസ്‌കർ കുമാർ, മാനേജർ ആശാറാം എന്നിവരെ സസ്‌പെൻഡ് ചെയ്‌തു.