മോർബി: മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം അറ്റകുറ്റ പണികള്‍ക്ക് ശേഷം അഞ്ച് ദിസം മുമ്പ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത് നഗരസഭയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയെന്ന് മോര്‍ബി നഗരസഭ ചീഫ് ഓഫിസര്‍ സന്ദീപ് സിങ് സാല. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മാര്‍ച്ചില്‍ അടച്ച പാലം ഒക്‌ടോബര്‍ 26 ഗുജറാത്തി പുതുവത്സര ദിനത്തിലാണ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. 15 വര്‍ഷത്തേക്ക് പാലത്തിന്‍റെ നവീകരണ ചുമതല ഓരേവ എന്ന കമ്പനിക്കാണ്.
ഗാന്ധിനഗറിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള മോർബി നഗരത്തില്‍ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പാലം ഞായറാഴ്‌ച (ഒക്‌ടോബര്‍ 30) വൈകുന്നേരം 6.30 ഓടെയാണ് തകര്‍ന്നത്. 140 പേര്‍ അപകത്തില്‍ മരിച്ചു. നവീകരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് അഞ്ച് ദിവസത്തിനു ശേഷമാണ് പാലം തകര്‍ന്നത്.
1922 വരെ മോർബി ഭരിച്ചിരുന്ന സർ വാഗ്‌ജി താക്കൂർ, കൊളോണിയൽ സ്വാധീനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ദർബർഗഡ് കൊട്ടാരത്തെ നസർബാഗ് കൊട്ടാരവുമായി (അന്നത്തെ രാജകുടുംബത്തിന്‍റെ വസതികൾ) ബന്ധിപ്പിക്കുന്നതിനാണ് പാലം നിര്‍മിച്ചത്. യൂറോപ്പിൽ അക്കാലത്ത് ലഭ്യമായ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു 1.25 മീറ്റർ വീതിയും 233 മീറ്റർ നീളവുമുള്ള പാലത്തിന്‍റെ നിര്‍മാണം.
Also Read: ഗുജറാത്തിൽ തൂക്കുപാലം തകർന്ന് വീണ് അപകടം; മരണം 140 ആയി