ചെന്നൈ : വനിത ഐപിഎസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സസ്‌പെൻഷനിലായ സ്‌പെഷ്യൽ ഡിജിപി രാജേഷ് ദാസിന് വിചാരണ കോടതി മൂന്ന് വർഷത്തെ തടവ് ശിക്ഷയും 10,000 രൂപ പിഴയും വിധിച്ചു. വില്ലുപുരം ചീഫ് ക്രിമിനൽ കോടതി ജഡ്‌ജി പുഷ്‌പറാണിയാണ് വിധി പ്രഖ്യാപിച്ചത്. 2021 ഫെബ്രുവരിയിലാണ് കേസിനാസ്‌പദമായ സംഭവം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രിയായിരുന്ന എടപ്പാടി കെ പളനിസ്വാമിയുടെ സുരക്ഷ ഡ്യൂട്ടിയിലായിരിക്കെയാണ് വനിത ഐ പി എസ് ഓഫിസർ, രാജേഷിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയത്. ഡ്യൂട്ടിയിലിരിക്കെ രാജേഷ് ദാസ് അയാളുടെ വാഹനത്തിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് വനിത ഉദ്യോഗസ്ഥ ആരോപിച്ചത്. ശേഷം ന്യായമായ അന്വേഷണം ഉറപ്പാക്കാൻ മദ്രാസ് ഹൈക്കോടതി സ്വമേധയ കേസെടുക്കുകയായിരുന്നു.
പരാതി നൽകുന്നത് തടയാൻ ശ്രമിച്ചതിനും കേസ് : ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നൽകാനായി ചെന്നൈയിലേക്ക് പോകുന്നതിൽ നിന്ന് വനിത ഐ പി എസ് ഉദ്യോഗസ്ഥയെ തടയാൻ ശ്രമിച്ചതിനും രാജേഷ് ദാസിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ കാർ ടോൾ പ്ലാസയിൽ തടഞ്ഞുനിർത്തി പരാതി നൽകുന്നതിൽ നിന്ന് ഐപിഎസ് ഉദ്യോഗസ്ഥയെ തടയാൻ ശ്രമിച്ച ചെങ്കൽപ്പെട്ട് ജില്ലയിലെ മുൻ എസ് പി കണ്ണനെതിരെയും സിബി - സിഐഡി എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു. കേസിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട എസ് പി കണ്ണനും 500 രൂപ കോടതി പിഴ ചുമത്തിയിട്ടുണ്ട്.
also read : ഡിജിപി രാജേഷ് ദാസിനെതിരെ ലൈംഗിക ആരോപണം; പ്രത്യേക സമിതി രൂപീകരിച്ച് തമിഴ്‌നാട് സർക്കാർ
400 പേജുള്ള കുറ്റപത്രം : എസ് പി മുത്തരസിയാണ് സിബി -സിഐഡിയ്‌ക്ക് വേണ്ടി കേസ് അന്വേഷിച്ചിരുന്നത്. ശേഷം 2021 ജൂലൈ 29ന് വില്ലുപുരത്തെ വിചാരണ കോടതിയിൽ സിബി -സിഐഡി പ്രതികൾക്കെതിരെ 400 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിലെ 68 സാക്ഷികളുടെ വിചാരണ ഏപ്രിൽ 13ന് പൂർത്തിയായി.
ഇരുവിഭാഗങ്ങളുടെയും വാദം പൂർത്തിയായ ശേഷം അഭിഭാഷകരോട് വിശദാംശങ്ങൾ രേഖാമൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. കേസിന്‍റെ വാദം നടന്ന സമയത്ത് മുൻ എസ് പി കണ്ണൻ വിചാരണയ്‌ക്ക് ഹാജരായിരുന്നില്ല. പിന്നീട് ഹാജരാകാത്തതിന്‍റെ കാരണം ചൂണ്ടിക്കാട്ടി അദ്ദേഹം നൽകിയ ഹർജി കോടതി അംഗീകരിക്കുകയായിരുന്നു.
തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടർമാരായ വൈദ്യനാഥും രവിചന്ദ്രയും നേരിട്ട് ഹാജരായി തങ്ങളുടെ വാദം രേഖാമൂലം സമർപ്പിച്ചു. രാജേഷ് ദാസിന് വേണ്ടി അഡ്വ. രവീന്ദ്രയും മുൻ എസ്‌പി കണ്ണന് വേണ്ടി അഡ്വ. ഹേമരാജനുമാണ് വാദിച്ചത്. തുടർന്ന് അന്വേഷണ പുരോഗതിയും നിരീക്ഷിച്ച കോടതി വിചാരണയ്‌ക്ക് ശേഷം രാജേഷ് ദാസിന് മൂന്ന് വർഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
also read : ഡിജിപി രാജേഷ് ദാസിനെതിരായ പീഡന പരാതി; അന്വേഷണം ഹൈക്കോടതി നേരിട്ട് നിരീക്ഷിക്കും