മഹോബ (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ (Mahoba, Uttar Pradesh) അർദ്ധ സഹോദരനെയും സഹോദരിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്രായപൂർത്തിയാകാത്ത ഇരുവരും പ്രണയത്തിലായിരുന്നെന്നാണ് വിവരം. ആൺകുട്ടിക്ക് 17 വയസും പെൺകുട്ടിക്ക് 16 വയസുമായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇതൊരു ദുരഭിമാന കൊലയാണെന്ന് നാട്ടുകാരിൽ ചിലർ സംശയിക്കുന്നു (Suspected Honor Killing - Cousin Brother And Sister Found Dead).
ഗ്രാമത്തിന് പുറത്തുള്ള മരത്തിന് സമീപത്തു നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി നടപടികളാരംഭിച്ചിരുന്നു. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ മരത്തിന് സമീപം ചെറിയ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. എന്നാൽ പൊലീസ് സമയോചിതമായി ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കി.
മരിച്ച കുട്ടികൾ അടുത്ത ബന്ധുക്കളാണ്. ഇരുവരും ഒരേ സ്‌കൂളിൽ പതിനൊന്നാം ക്ലാസ് വരെ പഠിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. ഇരുവരും ഒന്നിച്ചായിരുന്നു സ്‌കൂളിൽ പോയിരുന്നത്. ഇരുവരും തമ്മിലുള്ള അടുപ്പം പിൽക്കാലത്ത് പ്രണയമായെന്നാണ് ബന്ധുക്കൾ പറയുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് അടുത്ത ബന്ധുക്കളായ ഇവർ തമ്മിൽ പ്രണയത്തിലാണെന്ന് ഇരുവീട്ടുകാരും അറിഞ്ഞത്.
കുട്ടികളുടെ സുഹൃത്തുക്കൾ വഴിയാണ് വിവരം വീട്ടുകാരുടെ ചെവിയിലെത്തിയത്. ഇതോടെ ഇരുവരും ഒളിച്ചോടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനുശേഷം വീട്ടുകാരുടെ കർശന നിരീക്ഷണത്തിലായിരുന്നു ഇവർ. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ഇരുവരുടെയും വീട്ടുകാർ കൂടുതൽ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
ബുധനാഴ്‌ച രാത്രി നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ഇവരുടെ വീടിന് വെളിയിലുള്ള നവരാത്രി പന്തലിൽ ഭജന നടക്കവേ ഇരുവരെയും പെട്ടെന്ന് കാണാതാവുകയായിരുന്നു. വീട്ടുകാർ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോളാണ് കുട്ടികളുടെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. അപ്പോൾ മുതൽ ഇരുവർക്കും വേണ്ടിയുള്ള തെരച്ചിലിലായിരുന്നു വീട്ടുകാർ.
എന്നാൽ ഇരുവരെയും കണ്ടെത്താൻ കഴിയാതിരുന്നതോടെ വീട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് (വ്യാഴാഴ്‌ച) രാവിലെ ഗ്രാമവാസികൾ വയലിലേക്ക് ഇറങ്ങിയപ്പോൾ ഗ്രാമത്തിന് പുറത്തുള്ള മരത്തിന് സമീപം കുട്ടികളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അതേസമയം മരണത്തിന് പിന്നിലെ കാരണം അന്വേഷിച്ചുവരികയാണെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് സത്യം കുമാർ പറഞ്ഞു. പൊലീസ് എല്ലാ വശങ്ങളും പരിശോധിച്ച് നടപടിയെടുക്കും. പാനലിന്‍റെ സാന്നിധ്യത്തിൽ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടത്തി. ഇക്കാര്യങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തിയതായും എസ്‌പി വ്യക്തമാക്കി.