അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തീപാറുന്ന രണ്ടാം ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിരിക്കെ മനസുതുറന്ന് മുംബൈ ഇന്ത്യന്‍സിന്‍റെ സ്‌റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. മുംബൈ ഇന്ത്യന്‍സ് എന്ന ഫ്രാഞ്ചൈസി തനിക്ക് കേവലം ഒരു ടീം മാത്രമല്ലെന്നറിയിച്ചായിരുന്നു സൂര്യയുടെ തുറന്നുപറച്ചില്‍. മാത്രമല്ല തന്‍റെ കരിയറില്‍ വഴിത്തിരിവായ സംഭവങ്ങളെക്കുറിച്ചും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മുംബൈയുടെ 'സ്‌കൈ' വാചാലനായി.
വളര്‍ത്തിയത് മുംബൈ: മുംബൈ ഇന്ത്യന്‍സ് എന്നിലര്‍പ്പിച്ച വിശ്വാസവും ബാറ്റ് ചെയ്യാന്‍ നല്‍കിയ അവസരവുമാണ് എന്‍റെ ജീവിതത്തില്‍ വഴിത്തിരിവായത്. മുംബൈ ക്യാമ്പ് തനിക്ക് കുടുംബം എന്ന അനുഭവമാണ് സമ്മാനിച്ചതെന്നും 2018ല്‍ ടീം മുംബൈയിലേക്ക് മടങ്ങിയത് വീട്ടിലേക്ക് മടങ്ങിയ പ്രതീതിയാണ് തനിക്ക് നല്‍കിയതെന്നും സൂര്യകുമാര്‍ വ്യക്തമാക്കി. എന്‍റെ കുടുംബത്തിലേക്ക് എന്നപോലെ ഞാന്‍ മടങ്ങി, അവര്‍ എന്നില്‍ ഒരുപാട് വിശ്വാസമര്‍പ്പിക്കുകയും ബാറ്റ് ചെയ്യാന്‍ ഒരുപാട് അവസരങ്ങള്‍ തുറന്നിടുകയും ചെയ്‌തു. അതുകൊണ്ടുതന്നെ 2018 ല്‍ തനിക്ക് ഒരുപാട് റണ്‍സ് നേടാനായെന്നും അടുത്ത വര്‍ഷം തന്‍റെ ഉത്തരവാദിത്തം വര്‍ധിച്ചുവെന്നും സൂര്യകുമാര്‍ പ്രതികരിച്ചു.
ഒരേയൊരു 'മുംബൈ ഇന്ത്യന്‍സ്': എന്‍റെ റോളില്‍ വ്യക്തത നല്‍കിയത് അവരാണ്. അവര്‍ എന്നെ വിശ്വസിച്ചു. അതിന് ഞാന്‍ മടക്കി നല്‍കുകയും ചെയ്‌തു. എന്‍റെ കളി ശൈലിയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകേണ്ടതുമായ സമയമാണിത് എന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞു. അവര്‍ രണ്ട് ചുവട് വച്ചാല്‍ താന്‍ നാല് ചുവട് വയ്‌ക്കുമെന്നും ഈ ബന്ധം സുദൃഢമാണെന്നും സൂര്യ വ്യക്തമാക്കി. മുംബൈ ഇന്ത്യന്‍സ് എന്ന് ഫ്രാഞ്ചൈസിയെക്കുറിച്ച് കൂടുതല്‍ സംസാരിക്കാനും സൂര്യകുമാര്‍ മറന്നില്ല.
ഒരു മികച്ച താരമാകാന്‍ നിങ്ങളെ സഹായിക്കുന്നതെല്ലാം ഈ ഫ്രാഞ്ചൈസി നിങ്ങള്‍ക്ക് നല്‍കും. അത് പരിശീലനമോ, സൗകര്യങ്ങളോ മാനസിക പിന്തുണയോ എന്തുമായിക്കൊള്ളട്ടെ. ഇവിടം ഏതാണ്ട് നിങ്ങളുടെ വീട് പോലെ തന്നെയാണ്. നിങ്ങള്‍ ഒരു ശതമാനം പരിശ്രമം നല്‍കിയാല്‍, തിരിച്ച് ഫ്രാഞ്ചൈസി 99 ശതമാനവും നല്‍കുമെന്നും സൂര്യകുമാര്‍ യാദവ് അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ 360 ഡിഗ്രി: ഐപിഎല്ലിന്‍റെ 2023 സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് സൂര്യകുമാര്‍ യാദവ് നിലവിലുള്ളത്. 14 മത്സരങ്ങളില്‍ നിന്നും 42.58 ശരാശരിയില്‍ 185.58 സ്‌ട്രൈക്ക് റേറ്റില്‍ 511 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം. ഇതില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. 48 മത്സരങ്ങളും 46 ഇന്നിങ്‌സുകളുമായി കുറഞ്ഞ കാലയളവില്‍ തന്നെ ഇന്ത്യന്‍ നീലക്കുപ്പായത്തില്‍ 1,675 റണ്‍സും സ്‌കൈ സ്വന്തമാക്കിയിരുന്നു. 46.52 ബാറ്റിങ് ശരാശരിയില്‍ 175.76 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്. മാത്രമല്ല ഇന്ത്യന്‍ ജേഴ്‌സിയില്‍ മൂന്ന് സെഞ്ചുറികളും 13 അര്‍ധ സെഞ്ചുറികളും നേടിയ സൂര്യകുമാര്‍ യാദവ്, 2022 ലെ മികച്ച പുരുഷ ടി20 താരത്തിനുള്ള ഐസിസി ടി20ഐ പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും നേടിയിരുന്നു.
മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ലീഗ് ഘട്ടത്തില്‍ എട്ട് ജയങ്ങളും ആറ് പരാജയങ്ങളുമായി കഷ്‌ടിച്ച് പ്ലേ ഓഫിലെത്തിയെങ്കിലും തുടര്‍ന്ന് നടന്ന എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയിന്‍റ്‌സിനെ മലര്‍ത്തിയടിച്ചിരുന്നു. ഗുജറാത്തുമായുള്ള രണ്ടാം ക്വാളിഫയര്‍ വിജയിച്ച് ഫൈനലിലേക്കുള്ള ടിക്കറ്റ് നേടി ആറാം തവണയും ഐപിഎല്‍ കിരീടം ചൂടുകയാണ് മുംബൈ ലക്ഷ്യമിടുന്നത്.