ശരവണന്‍ ശിവകുമാർ എന്ന സൂര്യ... തെന്ത്യയിലെ അറിയപ്പെടുന്ന താരം. ഏറ്റവും കൂടുതല്‍ ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളില്‍ ഒരാള്‍... ബിഗ് സ്‌ക്രീനിലെ പവർ - പാക്ക്ഡ് പ്രകടനങ്ങൾക്ക് പേരുകേട്ട മുന്‍നിര സൂപ്പര്‍താരം. കോമഡി മുതൽ ആക്ഷൻ ത്രില്ലറുകൾ വരെ അവതരിപ്പിച്ച് ആ കഥാപാത്രങ്ങളോടെല്ലാം നീതി പുലര്‍ത്തിയ കലാകാരന്‍. രണ്ട് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ വൈവിധ്യമാർന്ന അഭിനയ മികവിലൂടെ പ്രേക്ഷകരെ അനായാസം ആകർഷിപ്പിച്ച താരം.
പിറന്നാള്‍ നിറവില്‍ സൂര്യ: സൂര്യയുടെ 48-ാം ജന്മദിനമാണ് ഇന്ന്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരാധകരുമെല്ലാം താരത്തിന്‍റെ ഈ പിറന്നാള്‍ ആഘോഷ ലഹരിയിലാണ്. ഈ പ്രത്യേക ദിനത്തില്‍ സൂര്യയുടെ മികച്ച സ്‌ക്രീന്‍ പ്രസന്‍സുകളാണ് സിനിമയ്‌ക്കകത്തും പുറത്തും ചര്‍ച്ച ചെയ്യപ്പെടുന്നത്.
സിനിമ എന്ന അത്ഭുത ലോകത്ത് സൂര്യ തന്‍റെ സാമ്രാജ്യം കെട്ടിപ്പടുത്തത് എങ്ങനെയെന്ന് നമുക്ക് നോക്കാം...
ആക്ഷന്‍ ത്രില്ലറുകള്‍ക്ക് പകരം കുടുംബ ചിത്രങ്ങള്‍ : 1997ല്‍ 'നേരുക്ക് നേർ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് സൂര്യയുടെ വെള്ളിത്തിരയിലേയ്‌ക്കുള്ള അരങ്ങേറ്റം. ദളപതി വിജയ്‌ക്കൊപ്പമാണ് സൂര്യ, ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
അഭിനയത്തിന്‍റെ തുടക്കത്തില്‍ ആക്ഷൻ ത്രില്ലറുകള്‍ ചെയ്യുന്നതിന് പകരം കുടുംബ ചിത്രങ്ങളാണ് സൂര്യ തെരഞ്ഞെടുത്തത്. എല്ലാ തലമുറകളിലുള്ള ആരാധകരെയും നേടിയെടുക്കാന്‍ താരത്തിന്‍റെ ഈ തെരഞ്ഞെടുപ്പ് സഹായിച്ചു.
കരിയറിലെ വഴിത്തിരിവ് : കുടുംബ ചിത്രങ്ങളില്‍ നിന്നും താരം പതുക്കെ വെല്ലുവിളി നിറഞ്ഞ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ഇതിലൂടെ സൂര്യ എന്ന താരത്തിന്‍റെ അഭിനയ മികവുകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയുകയായിരുന്നു. ഇത് സൂര്യയുടെ അഭിനയ കരിയറിലെ വഴിത്തിരിവായി മാറി. ആരാധകര്‍ക്ക് മുന്നില്‍ ഒരു അസാധാരണ നടനായും താരം തിളങ്ങി. സിനിമയിലെ താരത്തിന്‍റെ ഗംഭീര സ്‌റ്റൈലിഷ് ലുക്കുകളും യുവ തലമുറയെ ആകര്‍ഷിച്ചു. സൂര്യയുടെ സിക്‌സ് പാക്കും ബോഡി ഫിറ്റുമെല്ലാം ആരാധകര്‍ക്ക് പ്രചോദനമായി.
മൾട്ടി സ്‌റ്റാര്‍ ചിത്രങ്ങളോട് മടിയില്ല : ചുരുങ്ങിയ നാള്‍ കൊണ്ട് തന്നെ തെന്നിന്ത്യയില്‍ തന്‍റേതായൊരിടം സൃഷ്‌ടിക്കാന്‍ സൂര്യയ്‌ക്ക് സാധിച്ചുവെങ്കിലും മള്‍ട്ടി - സ്‌റ്റാറര്‍ ചിത്രങ്ങള്‍ ചെയ്യുന്നതില്‍ സൂര്യയ്‌ക്ക് യാതൊരുവിധ മടിയും ഇല്ലായിരുന്നു. മള്‍ട്ടി - സ്‌റ്റാറര്‍ ചിത്രങ്ങളില്‍ മുഖം കാണിക്കാന്‍ സൂര്യ എപ്പോഴും തയ്യാറായിരുന്നു. ഇത് സിനിമ മേഖലയില്‍ മറ്റ് പ്രമുഖ താരങ്ങളുമായി നല്ല ബന്ധം പുലര്‍ത്താന്‍ സൂര്യയെ സഹായിച്ചു.
അതിഥി വേഷങ്ങള്‍ ചെയ്യാനും സൂര്യ എല്ലായ്‌പ്പോഴും തയ്യാറായിരുന്നു. കൂടാതെ സോഷ്യൽ മീഡിയയിലും സജീവമായ താരം സുഹൃത്തുക്കളുടെയും മറ്റും സിനിമകള്‍ നിരന്തരം പ്രൊമോട്ട് ചെയ്യുന്നതിലൂടെ പ്രിയപ്പെട്ടവരുടെയും ആരാധകരുടെയും സൗഹൃദ താരമായും മാറി. ഇതിലൂടെ കൂടുതല്‍ ആരാധകരെ നേടിക്കൊടുക്കാന്‍ സൂര്യയ്‌ക്ക് കഴിഞ്ഞു.
വാണിജ്യ സിനിമകളുടെ തെരഞ്ഞെടുപ്പ് : ക്ലാസിക് സിനിമകള്‍ ഉണ്ടായാലും, വാണിജ്യ സിനിമകൾ ചെയ്യാൻ സൂര്യ പ്രത്യേകം ശ്രദ്ധിച്ചു. അതില്‍ നിരവധി സിനിമകൾ നടന് നന്നായി ഗുണം ചെയ്യുകയും ചെയ്‌തു. ഈ സിനിമകളുടെ വിജയത്തിലൂടെ സൂര്യ തന്‍റെ ബോക്‌സോഫിസ് ശക്തിയും തെളിയിച്ചു. ഇത് സൂര്യ എന്ന അഭിനേതാവിനെ കൂടുതൽ ഉയരങ്ങളില്‍ എത്തിച്ചു.
സൂര്യയുടെ ഏറ്റവും മികച്ച വാണിജ്യ ഹിറ്റുകളില്‍ ഒന്നായിരുന്നു 'സിങ്കം'. കൂടാതെ സമകാലിക താരങ്ങള്‍ക്കിടയില്‍, 100 കോടി സിനിമ നൽകുന്ന ആദ്യ താരമായും സൂര്യ മാറി.
ആരാധകവലയം, തെന്നിന്ത്യയില്‍ നിന്നും ആഗോള തലത്തിലേയ്‌ക്ക് : വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, ഒരു നടന്‍ എന്ന നിലയിൽ സൂര്യ വലിയ പരിണാമത്തിന് വിധേയനായിരിക്കുകയാണ്. സൂര്യയുടെ സിനിമകളെ ഒന്നിലധികം ഭാഷകളിലേയ്‌ക്ക് റിലീസ് ചെയ്യാന്‍ തുടങ്ങിയതോടെ തെന്നിന്ത്യയില്‍ മാത്രം ഒതുങ്ങി നിന്ന ആരാധക വലയം ആഗോള തലത്തിലേയ്‌ക്ക് വ്യാപിച്ചു. തെലുഗു സംസ്ഥാനങ്ങളിൽ സൂര്യയുടെ സിനിമകള്‍ക്ക് മികച്ച ഓപ്പണിങ്ങും ലഭിക്കാറുണ്ട്.
ശ്രദ്ധേയമായ കഥാപാത്രങ്ങളും പ്രകടനങ്ങളും : ഇനി സൂര്യയുടെ ശ്രദ്ധേയമായ കഥാപാത്രങ്ങളും പ്രകടനങ്ങളും ഏതൊക്കെയാണെന്ന് പരിശോധിക്കാം....
ജയ് ഭീം : യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്‌ത ചിത്രത്തില്‍ ഒരു അഭിഭാഷകന്‍റെ വേഷത്തിലാണ് സൂര്യ എത്തിയത്. നോർവേ തമിഴ് ഫിലിം ഫെസ്‌റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രം കൂടിയാണ് 'ജയ് ഭീം'.
സൂരറൈ പോട്ര് : ആഭ്യന്തര വിമാന സര്‍വീസായ എയര്‍ ഡെക്കാനണ്‍ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവതത്തെ ആസ്‌പദമാക്കി സുധ കൊങ്കര സംവിധാനം ചെയ്‌ത ചിത്രമാണ് 'സൂരറൈ പോട്ര്'. ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതം പകര്‍ന്നാടിയ സൂര്യയ്‌ക്ക് 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു.
ഗജിനി : എആർ മുരുകദോസിന്‍റെ ആക്ഷൻ ത്രില്ലർ ചിത്രത്തില്‍ തന്‍റെ കാമുകിയെ നഷ്‌ടപ്പെട്ടതിലൂടെ, സഞ്ജയ് രാമസാമി എന്ന ബിസിനസുകാരനില്‍ നിന്നും ഓർമ്മക്കുറവ് ബാധിച്ച് അസാധാരണത്വം നിറഞ്ഞ ഒരു വ്യക്തിയായി മാറിയ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇത് സൂര്യയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു.
സിങ്കം : ഒരു കരുത്തുറ്റ പൊലീസ് ഓഫിസറുടെ വേഷമാണ് ചിത്രത്തില്‍ സൂര്യ അവതരിപ്പിച്ചത്. 2010ൽ വാണിജ്യവിജയം നേടിയ ചിത്രമായിരുന്നു 'സിങ്കം'. സിനിമയുടെ വിജയത്തെ തുടര്‍ന്ന് ഹിന്ദി, കന്നഡ, ബംഗാളി, പഞ്ചാബി തുടങ്ങി ഒന്നിലധികം ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടു.
24 : ഒരു ടൈം ട്രാവൽ വിഭാഗത്തിലുള്ള ചിത്രത്തില്‍ മൂന്ന് കഥാപാത്രങ്ങളെയാണ് സൂര്യ അവതരിപ്പിച്ചത്. ഈ സിനിമയിലൂടെ താരം നിരൂപക പ്രേക്ഷക പ്രശസംസകള്‍ ഏറ്റുവാങ്ങി.
കാഖാ കാഖാ : 2023ല്‍ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്‌ത ആക്ഷൻ ത്രില്ലറിൽ ഒരു പൊലീസ് ഓഫിസറായാണ് സൂര്യ എത്തിയത്. ഈ ചിത്രത്തിലൂടെ അന്താരാഷ്‌ട്ര തമിഴ് ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം സൂര്യയ്‌ക്ക് ലഭിച്ചു.
Also Read: 'രാജാവ് വരുന്നു, ഓരോ മുറിവിനും ഉണ്ടാകും ഓരോ കഥ,'; പിറന്നാള്‍ ദിനത്തില്‍ കങ്കുവയുടെ ഗ്ലിംപ്‌സ്