സൂറത്ത്: 'മോദി' സമുദായപ്പേരുമായി ബന്ധപ്പെട്ട അപകീർത്തി കേസിലെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ സൂറത്ത് സെഷൻസ് കോടതി വാദം ആരംഭിച്ചു. വിവാദ പരാമർശത്തിൽ മാർച്ച് 23 ന് സൂറത്ത് കോടതി രാഹുൽ ഗാന്ധിയ്‌ക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ് രാഹുൽ ഗാന്ധി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
തടവ് ശിക്ഷ വിധിച്ചതിനെ തുടർന്ന് വയനാട് എംപി ആയിരുന്നു രാഹുൽ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം നഷ്‌ടമായിരുന്നു. ഭാരതീയ ജനത പാർട്ടി (ബിജെപി) എംഎൽഎ പൂർണേഷ് മോദിയാണ് രാഹുലിനെതിരെ മാനനഷ്‌ട കേസ് നൽകിയത്. അഡിഷണൽ സെഷൻസ് ജഡ്‌ജി ആർ പി മൊഗേരയുടെ ചേമ്പറിലാണ് ഇരുവിഭാഗത്തിന്‍റെയും വാദം തുടരുന്നത്.
ശിക്ഷ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ അഭിഭാഷകർ ഉന്നയിക്കുന്ന വാദങ്ങൾ കോടതി ആദ്യം കേൾക്കും. അതിന് ശേഷം ശിക്ഷ വിധി സ്റ്റേ ചെയ്യണമെന്ന അപേക്ഷയ്‌ക്കെതിരായ വാദങ്ങൾ ഉന്നയിക്കുമെന്ന് പൂർണേഷ് മോദിയുടെ അഭിഭാഷകൻ കേതൻ രേശംവാല പറഞ്ഞു.
2019 ഏപ്രിൽ 13 ന് ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പരാമർശത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് ശേഷം മാർച്ച് 23 നാണ് സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതി രാഹുൽ ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷിച്ചത്.