പൂനെ: ഡല്‍ഹിയിലും മഹാരാഷ്‌ട്രയിലും 15 ദിവസത്തിനുള്ളിൽ രണ്ട് വലിയ 'രാഷ്‌ട്രീയ സ്‌ഫോടനം' ഉണ്ടാകുമെന്ന സൂചന നൽകി മുതിർന്ന എൻസിപി എംപി സുപ്രിയ സുലെ. എൻസിപി നേതാവ് അജിത് പവാർ ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് അദ്ദേഹത്തിന്‍റെ ബന്ധുകൂടിയായ സുപ്രിയ രംഗത്തെത്തിയത്. ഒരു 'സ്ഫോടനം' ഡൽഹിയിലും മറ്റൊന്ന് മഹാരാഷ്‌ട്രയിലുമാണ് നടക്കുകയെന്നും അവര്‍ സൂചന നല്‍കി.
ALSO READ | 'എപ്പോഴും എന്‍സിപിയോടൊപ്പം'; ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അജിത് പവാര്‍
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പരോക്ഷമായാണ് സുപ്രിയ സുലെ പ്രതികരിച്ചത്. 'എന്താണ് 'സ്ഫോടനം' എന്ന് നിങ്ങൾക്കറിയാം. യാഥാര്‍ഥ്യവുമായി മുന്നോട്ടുപോവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇന്നത്തെ കാര്യങ്ങളെക്കുറിച്ച് എന്നോട് ചോദിച്ചാൽ, ഞാൻ നിങ്ങളോട് കാര്യങ്ങള്‍ വ്യക്തമായി പറയാം. എന്നാല്‍, 15 ദിവസത്തിന് ശേഷം എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല'.
അജിത് പവാര്‍ പാര്‍ട്ടി വിടുമോ എന്ന കാര്യത്തെക്കുറിച്ച് അദ്ദേഹത്തോട് എന്തുകൊണ്ടാണ് നിങ്ങള്‍ ചോദിക്കാത്തത്. എനിക്ക് ഇതേക്കുറിച്ച് വ്യക്തമായി ഒന്നുമറിയില്ല. ഒരു ജനപ്രതിനിധി എന്ന നിലയിൽ എനിക്ക് ധാരാളം ജോലിയുണ്ട്. ഗോസിപ്പിന് വേണ്ടി ചെലവഴിക്കാന്‍ സമയമില്ല' - സുപ്രിയ സുലെ വ്യക്തമാക്കി.
കൂറുമാറുമെന്ന വാര്‍ത്തകള്‍ തള്ളി അജിത് പവാര്‍: ബിജെപിയിലേക്ക് കൂറുമാറുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് എന്‍സിപി നേതാവ് അജിത് പവാര്‍ രംഗത്തെത്തി. തനിക്ക് നേരെ ഉയര്‍ന്നത് അപവാദമാണ്. തന്നെക്കുറിച്ച് തെറ്റിദ്ധാരണ പടര്‍ത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹത്തോട് പ്രതികരിച്ചത്.
മാധ്യമങ്ങള്‍ പുറത്തുവിടുന്നതെന്തും വിശ്വസിക്കരുത്. അതില്‍ സത്യമുണ്ടായിരിക്കണമെന്നില്ല. 40 എംഎല്‍എമാരുടെ പിന്തുണയുണ്ടാകുമെന്ന് പറഞ്ഞ വാര്‍ത്തയും വ്യാജമാണ്. എന്തു തന്നെ ഉണ്ടായാലും താന്‍ ബിജെപിയില്‍ ചേരുന്ന പ്രശ്‌നമില്ലെന്ന് അജിത് പവാര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വ്യക്തമാക്കി.
'അജിത്ത് വിവാദം' തള്ളി ശരദ് പവാര്‍: അജിത് പവാർ പാര്‍ട്ടിയ്‌ക്ക് തിരിച്ചടിയുണ്ടാക്കുന്ന ഒരു യോഗവും വിളിച്ചിട്ടില്ലെന്നും പാർട്ടിക്ക് വേണ്ടിയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും എന്‍സിപി ദേശീയ അധ്യക്ഷനും സുപ്രിയയുടെ പിതാവുമായ ശരദ് പവാർ നേരത്തേ പറഞ്ഞിരുന്നു. തന്‍റെ അനന്തരവനുമായി അഭിപ്രായവ്യത്യാസമൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
'ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചർച്ചകൾക്കെല്ലാം യാതൊരു അര്‍ത്ഥവുമില്ല. പാർട്ടിയെ എങ്ങനെ ശക്തിപ്പെടുത്താം എന്നതിനെക്കുറിച്ചാണ് ഞങ്ങളുടെ സഹപ്രവർത്തകരെല്ലാം ആലോചിക്കുന്നത്. ആരുടേയും മനസിൽ മറ്റൊരു ചിന്തയില്ലെന്ന് എൻസിപിയുമായി ബന്ധപ്പെട്ട് എനിക്ക് പറയാൻ കഴിയും.'
ALSO READ | 'ആം ആദ്‌മി' ഇനി ദേശീയ പാര്‍ട്ടി ; തൃണമൂലും, എന്‍സിപിയും, സിപിഐയും പുറത്ത്
'പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ തന്‍റെ പ്രദേശത്തെ പ്രാദേശിക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കിലാണ്. മറ്റൊരു പ്രധാന നേതാവായ അജിത് പവാര്‍ പാർട്ടിയിലെ എല്ലാവർക്കും മാർഗനിർദേശം നൽകുന്നതിലും മറ്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും തിരക്കിലുമാണ്' - ശരദ് പവാര്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചു.